death

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ട്യൂഷൻ സെന്ററിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഭൂരിഭാഗവും 18നും 20നും ഇടയിൽ പ്രായമുള്ള ഹൈസ്കൂൾ വിദ്യാർത്ഥിനികളാണ്. 36 പേർക്ക് പരിക്കേറ്റു.

കാബൂളിന് പടിഞ്ഞാറുള്ള ദസ്ത് - ഇ - ബാർചി മേഖലയിലെ കാജ് എഡ്യൂക്കേഷൻ സെന്ററിലായിരുന്നു സംഭവം. മരണസംഖ്യ ഉയർന്നേക്കും. ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8.30ന് കുട്ടികൾ പരിശീലന പരീക്ഷ എഴുതുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ഐസിസ് ഭീകരരുടെ ഭീഷണികൾ നേരിടുന്ന ഹസാര വിഭാഗത്തിലെ ന്യൂനപക്ഷ ജനത കൂടുതലുള്ള മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത് 600 പേർ സെന്ററിന്റെ ഹാളിലുണ്ടായിരുന്നെന്നാണ് വിവരം.

ആൺ കുട്ടികളെയും പെൺകുട്ടികളെയും പഠിപ്പിക്കുന്ന സ്വകാര്യ ട്യൂഷൻ സ്ഥാപനമാണ് കാജ് എഡ്യൂക്കേഷൻ സെന്റർ. താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകളെല്ലാം രാജ്യത്ത് അടച്ചുപൂട്ടിയിരുന്നു. കാജ് പോലുള്ള ഏതാനും സ്വകാര്യ സ്ഥാപനങ്ങൾ മാത്രമാണ് ഇപ്പോൾ പെൺകുട്ടികൾക്ക് ആശ്രയം.