
കീവ്: യുക്രെയിനിലെ സെപൊറീഷ്യ നഗരത്തിൽ സന്നദ്ധ പ്രവർത്തകരടക്കം സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെ നടന്ന മിസൈലാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. ആക്രമണം നടത്തിയത് റഷ്യയാണെന്ന് യുക്രെയിൻ ആരോപിച്ചു. എന്നാൽ യുക്രെയിൻ സൈന്യമാണ് സംഭവത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു.
റഷ്യയുടെ അധീനതയിലുള്ള മേഖലയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. 16 മിസൈലുകൾ പതിച്ചെന്നാണ് റിപ്പോർട്ട്. റഷ്യൻ നിർമ്മിത എസ് - 300 മിസൈലാണ് പതിച്ചതെന്നാണ് ആരോപണം. ഇന്നലെ സെപൊറീഷ്യയടക്കം നാല് യുക്രെയിൻ പ്രദേശങ്ങളെ റഷ്യയോട് കൂട്ടിച്ചേർക്കുന്നതായുള്ള പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നേയായിരുന്നു ആക്രമണം. സെപൊറീഷ്യ പ്രവിശ്യയുടെ ഒരു ഭാഗം മാത്രമാണ് റഷ്യയുടെ കൈയ്യിൽ. പ്രവിശ്യയുടെ തലസ്ഥാനമായ സെപൊറീഷ്യ നഗരം അടങ്ങുന്ന മറ്റൊരു ഭാഗം യുക്രെയിന്റെ നിയന്ത്രണത്തിൽ തുടരുകയാണ്.