
പട്ന: ബീഹാറിൽ ആശുപത്രിയിലെ തടവുകാരുടെ വാർഡിൽ നിന്ന് കാണാതായ പ്രതിയെ ലൈംഗികത്തൊഴിലാളിക്കൊപ്പം പിടികൂടി. വൈശാലി ജില്ലയിലെ ഹാജിപൂരിലാണ് സംഭവം. സദ്ദാർ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയായ അമിത് കുമാറിനെയാണ് സ്ത്രീക്കൊപ്പം പിടികൂടിയത്.
സംഭവത്തിൽ തടവുകാരനും സ്ത്രീയും ആശുപത്രി ജീവനക്കാരും അടക്കം അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരുടെ വാർഡിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. അമിത് കുമാറിനെ കാണാതായെന്ന് മനസിലായതോടെ ആശുപത്രി മുഴുവൻ പരിശോധിക്കുകയായിരുന്നു.
"സെക്യൂരിറ്റി ജീവനക്കാരും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇവർ മദ്യലഹരിയിലായിരുന്നു. എത്ര കാലമായി ഇവിടെ ഇത്തരം കാര്യങ്ങൾ നടക്കുന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കും. തടവുകാരൻ ഹൃദ്രോഗിയാണ്." പൊലീസ് പറഞ്ഞു. ആശുപത്രിയിൽ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്നറിപ്പോർട്ടുകൾ.