saraswathy

തിരുവനന്തപുരം: പുലർച്ചെ നാലിന് തന്റെ ഹ്യുണ്ടായ് ഗ്രാന്റ് ഐ ടെൺ കാറിൽ കൊല്ലം ചവറയിൽ നിന്ന് പുറപ്പെട്ട്‌ രാത്രി ഏഴിന് ആന്ധ്രയിലെ കാളഹസ്‌തി ക്ഷേത്രത്തിൽ 831കിലോമീറ്റർ താണ്ടി എത്തുന്നതൊക്കെ സോ സിംപിൾ!... ഏതോ കോളേജ് കുമാരനാണ് ഡ്രൈവിംഗ് സീറ്റിൽ എന്നു കരുതിയെങ്കിൽ തെറ്റി. 72കാരിയായ സരസ്വതിയാണ് നായിക.

ഡ്രൈവിംഗ് പഠിച്ചത് അമ്പതാം വയസിൽ. ഇതുവരെ ഡ്രൈവ് ചെയ്തത് നാലു ലക്ഷത്തിലധികം കിലോമീറ്ററുകൾ. കാറിൽ കിലോമീറ്ററുകൾ പിന്നിടുമ്പോൾ, സരസ്വതിയുടെ പ്രായം പിന്നോട്ട് പറക്കും. ആറുവർഷം മുമ്പ് 18 മണിക്കൂറിലാണ് മൂകാംബിക ക്ഷേത്രത്തിൽ നിന്ന് വീട്ടി​ലെത്തിയത്​. മാരത്തോൺ ഓട്ടത്തിനിടെ പലതവണ പെറ്റി കിട്ടിയിട്ടുണ്ട്.

കെ.എസ്.ഇ.ബിയിൽ സീനിയർ സൂപ്രണ്ടായിരുന്ന ചവറ പുതുക്കാട് കളിയിലിൽ വീട്ടിൽ എസ്. സരസ്വതിക്ക് കാർ യാത്രകൾ ഹരമാണ്. സെയിൽസ് ടാക്‌സ് ഡെപ്യൂട്ടി കമ്മിണറായി വിരമിച്ച തിരുവനന്തപുരം സ്വദേശി ശിവസുധയാണ് യാത്രകളിലെ കൂട്ടുകാരി. തിരുപ്പതി, തിരുനെല്ലി, രാമേശ്വരം, കാഞ്ചിപുരം, തിരുവണ്ണാമല, ശബരിമല അങ്ങനെ കാറിലെ തീർത്ഥയാത്രകൾ നിരവധി.

ശൂരനാട് സെക്‌ഷൻ ഓഫീസിലായിരിക്കെ ഡ്രൈവിംഗ് പഠിച്ച് പഴയ ഫിയറ്റ് കാർ സ്വന്തമാക്കി. പിന്നീട് മാരുതിയിലേക്കും ഹ്യുണ്ടായിലേക്കും മാറി. കലശലായ ഡ്രൈവിംഗ് മോഹം കൊണ്ട് ആംബുലൻസ് ഓടിക്കാനുള്ള ബാഡ്‌ജ് എടുത്തിട്ടുണ്ടെങ്കിലും അവസരം ലഭിച്ചിട്ടില്ലെന്ന് സരസ്വതി പരിഭവം പറയുന്നു.

2005ൽ കെ.എസ്.ഇ.ബി ചവറ സെക്‌ഷനിൽ നിന്നാണ് വിരമിച്ചത്. കെ.എസ്.ഇ.ബിയിൽ തന്നെ സീനിയർ സൂപ്രണ്ടായിരുന്നു ഭർത്താവ് വിജയകുമാർ കുരുക്കൾ. 2010ൽ ജീവിതപങ്കാളിയെ നഷ്ടമായി. കൊച്ചി​ൻ സർവകലാശാലയി​ലെ ശാസ്ത്രജ്ഞയായ മകൾ ഡോ. വിനീതയും ജാഗ്വാർ കമ്പനി ഉദ്യോഗസ്ഥനായ ഭർത്താവ് ഷൈൻ ശശികാന്തും കൊച്ചിയിൽ താമസിക്കുന്നു.

ഔഷധസസ്യങ്ങളുടെ കൂട്ടുകാരി

ഇടുക്കിയിൽ ജോലി ചെയ്‌തപ്പോൾ അപൂർവ ഔഷധസസ്യങ്ങൾ കാണാനിടയായി. വീട്ടിലേക്കുള്ള ഒരാേയാത്രയിലും അവയെ കൂടെക്കൂട്ടി.

സന്ധിവാതത്തിന് എണ്ണയുണ്ടാക്കുന്ന നാഗവള്ളി, തളർവാത ചികിത്സയ്ക്കുള്ള കൈപ്പൻ അരഞ്ചി, മന്ത്രവാദത്തിനുള്ള അമ, സോമലത, നാഡീവ്യൂഹ ചികിത്സയ്‌ക്കുള്ള ഞരമ്പോടൽ, ദ്വന്ദപാല, വൃക്കരോഗമരുന്നിനുള്ള പൂച്ചിക്ക, അണലിവേങ്ങ, തീപ്പാല, ആവൽ, കായം, ആങ്കോലം, പെങ്കോലം, ആനത്തൊണ്ടി തുടങ്ങി 150ലധികം അപൂർവ സസ്യങ്ങളുടെ തോട്ടമാണ് വീട്. ആവശ്യക്കാർക്ക് കാശ് വാങ്ങാതെ തന്നെ നൽകും.