martin

പൂനെ: പ്രമുഖ വാഹന ബ്രാന്റ് മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ മാർട്ടിൻ ഷ്വാങ്ക് ഓട്ടോയിൽ യാത്ര ചെയ്ത കാഴ്ച സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ വ്യാഴാഴ്ച പൂനെയിലുണ്ടായ ഗതാഗതകുരുക്കിൽ യാത്ര ചെയ്യാൻ മറ്ര് വഴിയില്ലാതെയായപ്പോഴാണ് അദ്ദേഹം ഓട്ടോയിൽ യാത്ര ചെയ്തത്. 2018ലാണ് മെഴ്‌സിഡസ് ബെൻസ് ഇന്ത്യയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി മാർട്ടിൻ ഷ്വാങ്ക് ചുമതലയേറ്റത്. നേരത്തേ മെഴ്‌സിഡസ് ബെൻസ് ചൈനയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു അദ്ദേഹം.

ഗതാഗതകുരുക്കിൽ കുടുങ്ങിയ മാർട്ടിൻ ഒരു കിലോമീറ്ററുകളോളം നടന്നാണ് ഓട്ടോയിൽ കയറിയത്. താൻ സഞ്ചരിച്ചിരുന്ന മെഴ്‌സിഡസ് എസ്-ക്ലാസ് ഉപേക്ഷിച്ചാണ് മാർട്ടിൻ ഓട്ടോയിൽ കയറിയത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിന്റെ ഫോട്ടോ മാർട്ടിൻ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിമിഷങ്ങൾക്കകം ചിത്രം വൈറലാവുകയായിരുന്നു.

View this post on Instagram

A post shared by Martin Schwenk (@martins_masala)

''പൂനെ റോഡുകളിൽ നിങ്ങളുടെ എസ്-ക്ലാസ് ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുകയാണെങ്കിൽ എന്തുചെയ്യും ? കാറിൽ നിന്നിറങ്ങി, കുറച്ച് കിലോമീറ്റർ നടന്ന് ഒരു ഓട്ടോറിക്ഷ പിടിച്ചാലോ?"' ഈ അടിക്കുറിപ്പോടെയാണ് മാർട്ടിൻ ചിത്രം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് കണ്ടവർ വ്യത്യസ്ഥരീതിയിലുള്ള കമന്റുകളാണ് രേഖപ്പെടുത്തിയത്.