
തിരുവനന്തപുരം:ദാരിദ്രയ ദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്നു പറയുന്നത് പൂർണമായും ശരിയല്ലെന്നും വാർദ്ധ്യക്യത്തിൽ ചില മനുഷ്യർ അനുഭവിക്കുന്ന ദുഃഖം അതിലും സങ്കടകരമാണെന്നും പ്രശസ്ത കഥാകൃത്ത് ടി.പദ്മനാഭൻ. വയോജന ദിനത്തിൽ പേയാട് കാവിൻപുറത്ത് എലൈവ് ഫൗണ്ടേഷന്റെ ഗോൾഡൻ ഇയർ പുരസ്കാരം മുൻ മന്ത്രി കെ.കെ.ശൈലജയിൽ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രായത്തിൽ നിന്ന് ഒളിച്ചോടാൻ കഴിയുകയില്ല.പലരും തലയിൽ പെയിന്റടിക്കും. താനിതുവരെ ചെയ്തിട്ടില്ല.പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ തനിക്കില്ലെന്നും പദ്മനാഭൻ പറഞ്ഞു.
വയോധികർ അനുഭവിക്കുന്ന സങ്കടത്തിന് ഉദാഹരണമായി പദ്മനാഭൻ പറഞ്ഞ അനുഭവ കഥ ശ്രോതാക്കളെ കണ്ണീരണിയിച്ചു.അതിങ്ങനെയാണ്: " എനിക്ക് പരിചയവും ബഹുമാനവും ഉള്ള വ്യക്തി.അതിസമ്പന്നനായ അദ്ദേഹം 90 വയസൊക്കെ കഴിഞ്ഞപ്പോൾ തലയണയ്ക്കടിയിൽ അമ്പതിനായിരം രൂപ വച്ചാണ് കിടന്നിരുന്നത്.കുറെ വർഷം മുമ്പാണ്.അന്നത്തെ ആ പണത്തിന് ലക്ഷങ്ങൾ മതിക്കും. ഇത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മരിക്കുമ്പോൾ മറ്റാരെയും ആശ്രയിക്കാതെ സംസ്കാരം നടത്താനുള്ള പണമാണെന്നുമായിരുന്നു മറുപടി.ഇരുപത്തിരണ്ടാം വയസിൽ പ്രേമവിവാഹമായിരുന്നു അദ്ദേഹത്തിന്റേത്.ഭാര്യ മരിച്ചു.പത്ത് മക്കൾ.അവർക്കെല്ലാം ഉന്നത വിദ്യാഭ്യാസം നൽകി.പെൺമക്കളെയെല്ലാം വൻതുക സ്ത്രീധനം നൽകി കെട്ടിച്ചയച്ചു.പലരും വിദേശത്താണ്.മൂത്തമകൾ വർഷത്തിലൊരിക്കൽ സിംഗപ്പൂരിൽ നിന്ന്കൊച്ചി വിമാനത്താവളത്തിലിറങ്ങി ഗുരുവായൂരിൽ പോയി തൊഴും.പക്ഷേ അച്ഛനെക്കാണാൻ പോകില്ല.ഒരു മകൻ വിനീതവിധേയനായി വന്ന് വിലപ്പെട്ട വസ്തു എഴുതിവാങ്ങി.ഒരാഴ്ചയ്ക്കകം ഒരുകോടിയിലധികം രൂപയ്ക്കു വിറ്റു.അദ്ദേഹത്തിന് സുഖമില്ലാതെ കിടക്കുന്നതുകണ്ട് ആശുപത്രിയിൽ കൊണ്ടുപോകാൻ ഈ മകനോട് പറഞ്ഞപ്പോൾ അച്ഛന് കുഴപ്പമൊന്നുമില്ലെന്നായിരുന്നു മറുപടി.ഒടുവിൽ ഞാനാണ് ആശുപത്രിയിലാക്കിയത്.എനിക്ക് മക്കളില്ല.പക്ഷേ അന്നദ്ദേഹം എന്റെകൈപിടിച്ച് ' താൻ ഭാഗ്യവാനാണെടോ' എന്നു പറഞ്ഞത് ഇന്നും എന്നെ വേട്ടയാടുന്നുണ്ട്.അദ്ദേഹം മരിച്ചപ്പോൾ മക്കളിൽ ഭൂരിഭാഗവും പങ്കെടുത്തില്ല.കണ്ണൂരിൽ അന്ന് എയർപോർട്ടില്ലാത്തതിനാലാണ് വരാതിരുന്നതെന്നാണ് മൂത്തമകൾ പറഞ്ഞത്"-പദ്മനാഭൻപറഞ്ഞു.
.ശ്രീകുമാരൻ തമ്പി, ദയാബായി,നടൻ രാഘവൻ എന്നിവരും അവാർഡുകൾ സ്വീകരിച്ചു.15000 രൂപയും പ്രശംസാപത്രവും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്.