sreedharan-pillai

തൃശൂർ: മനുഷ്യ മനസുകളിലേക്ക് നടന്നടുത്ത അഡ്വ. സി.കെ. മേനോന്റെ ഭാഷ ഹൃദയത്തിന്റേതായിരുന്നുവെന്ന് ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള. സി.കെ. മേനോന്റെ മൂന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് മേനോൻ അനുസ്‌മരണ സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


ബിസിനസ് മേഖലയിൽ വ്യാപൃതരായ ഒരുപാടുപേരുണ്ടെങ്കിലും കേരളത്തിലെ സാമൂഹിക,രാഷ്ട്രീയ,ജീവകാരുണ്യ രംഗത്ത് ഒരു പണത്തൂക്കം മുന്നിലായിരുന്നു സി.കെ. മേനോന്റെ സ്ഥാനം. സാമ്പത്തികമായി ഉന്നതിയിൽ നിൽക്കുമ്പോഴും എളിമയുടെ തെളിമയിൽ നിലയുറപ്പിച്ച വേറൊരാളെ കാണാൻ കഴിയില്ല. ജീവിതയാത്രയിൽ വിജയിക്കാനാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ മാതൃകയാകേണ്ട ഒന്നായി അദ്ദേഹത്തിന്റെ ജീവിതത്തെ കാണണം. നന്മയുടെ വിളനിലമായിരുന്നു അദ്ദേഹം. എല്ലാവരെയും ഉൾക്കൊള്ളാനാണ് സി.കെ. മേനോൻ പഠിപ്പിച്ചതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.


ദാനശീലത്തിന്റെ അടയാളവാക്യമായിരുന്നു സി.കെ. മേനോനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവും സ്വന്തം ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പുള്ളയാളായിരുന്നു മേനോനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അനുസ്മരിച്ചു.


കോർപറേഷൻ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഹരിത വി. കുമാർ, അനുസ്മരണ സമിതി പ്രസിഡന്റും മുൻമന്ത്രിയുമായ എം.എം. ഹസൻ, എ.ബി.എൻ. കോർപറേഷൻ എം.ഡിയുംം നോർക്ക റൂട്ട്സ് ഡയറക്ടറും സി.കെ. മേനോന്റെ മകനുമായ ജെ.കെ. മേനോൻ എന്നിവർ സംസാരിച്ചു. അനുസ്മരണ സമിതി കൺവീനർ എം.കെ. ഹരിദാസ് സ്വാഗതവും കോർപറേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ നന്ദിയും പറഞ്ഞു.

സി.കെ. മേനോൻ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കും: ജെ.കെ. മേനോൻ


തൃശൂർ: അഡ്വ. സി.കെ. മേനോൻ തുടങ്ങിവച്ച സത്കർമ്മങ്ങൾ തുടരാനായി അമ്മ ജയശ്രീ മേനോന്റെ നിർദ്ദേശാനുസരണം സി.കെ. മേനോൻ മെമ്മോറിയൽ ട്രസ്റ്റ് രൂപീകരിക്കുമെന്ന് മകനും എ.ബി.എൻ. കോർപറേഷൻ ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ജെ.കെ. മേനോൻ പറഞ്ഞു.

വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ നിരവധി സഹായങ്ങൾക്കൊപ്പം സാമൂഹിക മേഖലയിലും ധനസഹായം നൽകുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ബിസിനസ് ചെയ്ത് പണം സമ്പാദിക്കുകയെന്നതിലുപരി തന്റെ കൈയിലുള്ള ധനം കൊണ്ട് ആവശ്യക്കാരനെ സഹായിക്കുകയെന്നതിലായിരുന്നു സി.കെ. മേനോൻ സന്തോഷം കണ്ടെത്തിയിരുന്നതെന്നും ജെ.കെ. മേനോൻ പറഞ്ഞു.