gandhiji

ഇന്ന് ഗാന്ധി ജയന്തി . ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യ ദാഹത്തിനും ആശങ്കകൾക്കും സ്വജീവിതം കൊണ്ട് പൂരണം നിർദ്ദേശിച്ച അർദ്ധ നഗ്നനായ ഫക്കീർ മദ്യമടക്കമുള്ള ലഹരികൾക്കെതിരെ നിരന്തരമായ സമരത്തിലായിരുന്നു. ഗാന്ധിജിയുടെ ദർശനങ്ങളോട് ഐക്യപ്പെട്ടും ലഹരിവിരുദ്ധ സമീപനങ്ങളോട് അനുഭാവം പ്രകടിപ്പിച്ചുമാണ് 2015 മുതൽ കേന്ദ്ര സർക്കാർ ഒക്ടോബർ രണ്ട് ദേശീയ ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയെ ലഹരി വിമുക്തമാക്കുക, നമ്മുടെ യുവാക്കളുടെ സമഗ്രതയും കഴിവും സംരക്ഷിക്കുക എന്നിവയാണ് ദിനത്തിന്റെ ലക്ഷ്യം.

ആഗോള തലത്തിൽ മദ്യ ഉപഭോഗത്തിന്റെ കണക്കെടുക്കുമ്പോൾ ഇന്ത്യ ലോകത്തിൽ തന്നെ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയിൽ വർഷംതോറും 66 കോടി ലിറ്ററിലധികം മദ്യം വിറ്റുപോകുന്നുണ്ടെന്നാണ് IWSR ഡ്രിങ്ക്സ് മാർക്കറ്റ് അനാലിസിസ് എന്ന ലണ്ടൻ അധിഷ്ഠിത മാർക്കറ്റ് റിസർച്ച് സ്ഥാപനത്തിന്റെ പഠനം സൂചിപ്പിക്കുന്നത്. മദ്യത്തിന്റെ പ്രതിശീർഷ ഉപഭോഗവും ഇന്ത്യയിൽ വർഷന്തോറും വർദ്ധിക്കുന്നുണ്ട് . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ മദ്യത്തിന്റെ ശരാശരി ഉപഭോഗവും ഏകദേശം 40 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് . പൗരന്മാരുടെ മദ്യത്തിന്റെ ശരാശരി വാർഷിക ഉപഭോഗം 4.3 ലിറ്ററിൽ നിന്ന് 5.9 ലിറ്ററായി ഉയർന്നതും ആശ്വാസകരമായ സൂചനകളല്ല നൽകുന്നത്. മദ്യപാനം നിമിത്തം ലിവർ സിറോസിസ്, അർബുദം എന്നിവ ബാധിച്ചും റോഡപടകങ്ങളിലുമായി മൂന്ന് ലക്ഷം പേർ പ്രതിവർഷം ഇന്ത്യയിൽ മരണപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പരാമർശമുണ്ട്.
നിയമം പഠിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയാൽ മകൻ മദ്യവും മാംസവും കഴിച്ച് ലഹരിക്ക് അടിമയായി മാറുമോയെന്ന് ഭയന്ന അമ്മ പുത്‌ലീഭായിയ്‌ക്ക്, അവയൊന്നും തൊടില്ലെന്ന് ലോകം കണ്ട ഏറ്റവും വലിയ സത്യഗ്രഹി ഉറപ്പുനല്കി . ഒരു നിയോഗം പോലെ പിന്നീടങ്ങോട്ട് മദ്യമടക്കമുള്ള ലഹരിക്കെതിരെ നിരന്തരമായ പോരാട്ടവും ഗാന്ധിജിയുടെ ജീവിതലക്ഷ്യമായി മാറി. മദ്യവും മദ്യേതര ലഹരിപദാർത്ഥങ്ങളും യഥേഷ്ടം ലഭ്യമാക്കുമ്പോൾ ലഹരിക്കെതിരെയുള്ള പ്രചാരണങ്ങൾ നടത്തുന്നത് അബദ്ധമാണെന്ന് ഗാന്ധിജി ദശാബ്ദങ്ങൾക്ക് മുമ്പ് തിരിച്ചറിഞ്ഞിരുന്നു. മദ്യത്തിനുമേൽ സർക്കാരിന്റെ നിയന്ത്രണം കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുണ്ട്. സർക്കാർ നിയമനിർമ്മാണം വഴി നിരോധനമേർപ്പെടുത്തി മദ്യത്തിന്റെയും അനുബന്ധ ഉത്‌പന്നങ്ങളുടേയും ലഭ്യത കുറയ്‌ക്കുകയാണ് ഉപഭോക്താക്കളിലേക്ക് ലഹരിയുടെ പ്രസരണം തടയാനുള്ള ശാസ്ത്രീയ മാർഗ്ഗം. വ്യക്തി സ്വന്തം നിലയിൽ സ്വീകരിക്കേണ്ട ജീവിത ശൈലിയുടെ ഭാഗമാണ് എന്ത് ഉപയോഗിക്കണം എന്ത് ഉപയോഗിക്കരുത് എന്നത്.

മദ്യപരെ ഉപദേശിച്ച് പിന്തിരിപ്പിച്ച് കൂടേയെന്ന ഒരു പത്രപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായി മഹാത്മജി പറഞ്ഞത് ഇങ്ങനെ --- 'നിങ്ങളുടെ കുട്ടി തീയിൽ ചാടാൻ പോകുന്നെങ്കിൽ ചാടരുതെന്ന് ഉപദേശിക്കലല്ല, പകരം ബലം പ്രയോഗിച്ച് കുഞ്ഞിനെ തടഞ്ഞ് നിറുത്തലാണ് ബുദ്ധി.' ഇത് ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ മാർഗ്ഗം ഏതായിരിക്കണമെന്ന വ്യക്തമായ കാഴ്ചാപ്പാടിന് ഉദാഹരണമാണ്. യുക്തിസഹമായ ചോദ്യങ്ങളിലൂടെയും വിവരണങ്ങളിലൂടെയും മഹാത്മജി നടത്തിയ ചെറുത്തുനില്‌പ് മദ്യവിഷയത്തിലും നമുക്ക് ദർശിക്കാൻ സാധിക്കും.
ഗുജറാത്ത്,ബീഹാർ, നാഗലാന്റ്, മിസോറാം, ത്രിപുര, കേന്ദ്രഭരണ പ്രദേശങ്ങൾ, മണിപ്പൂരിലെ ചില ജില്ലകൾ എന്നിവിടങ്ങളിൽ നിലവിൽ മദ്യ നിരോധനമുണ്ട്. ഈ സംസ്ഥാനങ്ങളിൽ മദ്യം യഥേഷ്ടം ലഭിക്കുന്നുമുണ്ട്. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികൾ മാഫിയകൾക്ക് തകർത്തെറിയാനായി കുടുംബാന്തരീക്ഷങ്ങളെ ഒറ്റിക്കൊടുക്കുന്നതിന്റെ പരിണിതഫലമാണ് നിരോധിത പ്രദേശങ്ങളിലെ മദ്യത്തിന്റെ ലഭ്യത.

തീവ്രവാദം രാഷ്ട്ര സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ശക്തമായ നിയമമുണ്ടായിട്ടും തീവ്രവാദ പ്രവർത്തനങ്ങൾ രാജ്യത്ത് വർദ്ധിക്കുന്നതായി ബന്ധപ്പെട്ട ഏജൻസികളും വകുപ്പുകളും പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

ഉറച്ച നിലപാടും കരുതലോട് കൂടിയുള്ള ഇടപെടലും നടത്തുന്നതിൽ ഭരണാധികാരികൾ അലംഭാവം കാട്ടിയാൽ പ്രതിസന്ധി രൂക്ഷമാകുകയും കുടുംബങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും സമാധാന അന്തരീക്ഷം അപ്രത്യക്ഷമാവുകയും ചെയ്യും.
മദ്യ വർജ്ജനമല്ല നിരോധനം തന്നെ വേണമെന്ന് പലയാവർത്തി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യാൻ ഗാന്ധിജി ശ്രമിച്ചിട്ടുണ്ട്. ജനങ്ങളിൽ സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും എത്തിക്കാനും, വിവിധ വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ അറിയിക്കാനുമായി ഗാന്ധിജി 1919 ൽ പ്രസിദ്ധീകരണമാരംഭിച്ച 'യംഗ് ഇന്ത്യ' ലഹരി വിരുദ്ധ സന്ദേശങ്ങൾ അതിശക്തമായാണ് പ്രചരിപ്പിച്ചിരുന്നത്.

1931 ഏപ്രിൽ 25 ന് പ്രസിദ്ധീകരിച്ച യംഗ് ഇന്ത്യയിൽ എനിക്ക് ഇന്ത്യയുടെ പരമാധികാരം ഒരു മണിക്കൂർ നേരത്തേക്ക് ലഭിക്കുകയാണങ്കിൽ പ്രഥമ പരിഗണന രാജ്യത്തെ മുഴുവൻ മദ്യശാലകളും അടച്ചുപൂട്ടാനുള്ള നിർദ്ദേശം നൽകാനായിരിക്കുമെന്ന് എഴുതിയിരുന്നു. മദ്യപാനം എരിതീയിൽ ചാടുന്നതുപോലെയും ആഴക്കയത്തിൽ മുങ്ങുന്നതു പോലെയും ആപൽക്കരമാണെന്ന് മഹാത്മജി രേഖപ്പെടുത്തിയിരിക്കുന്നു. ലഹരി പദാർത്ഥങ്ങൾ സൃഷ്ടിക്കുന്ന മഹാവിപത്ത് ഭാരതത്തെപ്പോലുള്ള ഒരു ദരിദ്ര രാഷ്ട്രത്തിലെ സാമാന്യജനങ്ങളുടെ ദൈനംദിന ജീവിതത്തെ നരകതുല്യമാക്കുമെന്ന കാര്യത്തിൽ ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ ഗാന്ധിജിക്ക് സംശയമുണ്ടായിരുന്നില്ല. മദ്യവും മയക്കുമരുന്നും പിശാചിന്റെ രണ്ട് കരങ്ങളാണ്. ആ കരങ്ങൾ കൊണ്ടുള്ള അടിയേറ്റ് ബുദ്ധിശൂന്യതയിലും ലഹരിയിലും അടിമത്തത്തിലും അതുവഴി ദാരിദ്ര്യത്തിലും മനുഷ്യൻ പതിക്കുന്നുവെന്ന് 'മദ്യം മയക്കുമരുന്ന് ചൂതാട്ടം' എന്ന ശീർഷകത്തിൽ 1926 ഏപ്രിൽ 22ലെ യംഗ് ഇന്ത്യയിലും ഗാന്ധിജി എഴുതുകയുണ്ടായി.


മഹാത്മജി സ്വപ്നം കണ്ട

ക്ഷേമ രാഷ്ട്രം

മഹാത്മജി സ്വപ്നംകണ്ട ക്ഷേമരാഷ്ട്രം മദ്യ നിരോധനത്തിന്റേതായിരുന്നു. വ്യഭിചാരത്തേക്കാളും മോഷണത്തേക്കാളും ഹീനമായാണ് മദ്യപാനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. മദ്യത്തിൽ നിന്നുള്ള നികുതി പാപത്തിന്റെ കൂലിയാണെന്ന് ഗാന്ധിജി ഉറച്ച് വിശ്വസിച്ചിരുന്നു. മദ്യനികുതി നഷ്ടപ്പെട്ടാലും ആത്യന്തികമായി രാഷ്ട്രത്തിന് നഷ്ടമുണ്ടാകില്ലെന്ന് യുക്തിപൂർവം ഗാന്ധിജി സമർത്ഥിച്ചു.


സ്വാതന്ത്ര്യമെന്നാൽ മദ്യത്തിൽ നിന്നുള്ള മോചനമാണെന്നും മദ്യക്കുപ്പിയിൽ നിന്ന് ഇന്ത്യ മോചിതമായില്ലെങ്കിൽ രാഷ്ട്രത്തിന് സ്വാതന്ത്ര്യം കിട്ടിയതായി കരുതാനാവില്ലെന്നും സ്വാതന്ത്ര്യ ലബ്ദിക്ക് പിന്നാലെ ഗാന്ധിജി നവഖാലിയിലെ ഒരു

അനുചരനോട് പറഞ്ഞിരുന്നു.


ഭരണഘടനയുടെ മാർഗനിർദേശക തത്വങ്ങളിൽ ആർട്ടിക്കിൾ 47 ആണ് മദ്യനിരോധനം നടപ്പാക്കണമെന്ന് നിർദേശിക്കുന്നത്. പൊതുജനാരോഗ്യം മെച്ചപ്പെടുത്തുകയും, ലഹരി പാനീയങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമായ മരുന്നുകളുടെയും ഉപയോഗം തടയുകയും ചെയ്യുന്നതിനുള്ള പരിശ്രമങ്ങൾ സ്‌റ്റേറ്റ് നിർവഹിക്കണമെന്നാണ് ഈ ആർട്ടിക്കിൾ വ്യക്തമാക്കുന്നത്. ഈ ആർട്ടിക്കിളിന്റെ അടിസ്ഥാനത്തിൽ 1954ലാണ് കേന്ദ്രസർക്കാർ ഇന്ത്യയിൽ മദ്യനിരോധനത്തിനായി ഒരു കമ്മിറ്റിയെ നിയോഗിച്ചത്. 1958ൽ പ്ലാനിംഗ് കമ്മിഷൻ മദ്യനിരോധനത്തിനായി രൂപരേഖയും തയ്യാറാക്കി. എന്നാൽ മദ്യനിരോധനം നിലവിലുണ്ടായിരുന്ന മുംബയിൽ നിരോധനം കൊണ്ടുണ്ടായ അനന്തരഫലങ്ങൾ സമൂഹത്തിൽ പ്രകടമാകാൻ തുടങ്ങിയിരുന്നു. 1949ലെ ബോംബെ പ്രോഹിബിഷൻ ആക്ട് അനുസരിച്ച് അന്നത്തെ ബോംബെ മുഖ്യമന്ത്രി ആയിരുന്ന മൊറാർജി ദേശായി ആണ് അവിടെ മദ്യനിരോധനം കൊണ്ടുവന്നത്. എന്നാൽ നിയമലംഘന പ്രതിഷേധങ്ങൾ വ്യാപകമാവുകയും നിയന്ത്രിക്കാനാകാത്തവിധം മദ്യക്കടത്ത് വർദ്ധിക്കുകയും ചെയ്തു. മദ്യവും മയക്കുമരുന്നും വീടുകയറിയുള്ള വിൽപനയും സാധാരണ സംഭവമായി. ഇത് ക്രിമിനൽ സംഘങ്ങളുടെ വളർച്ചയ്‌ക്ക് ആക്കം കൂട്ടി. നിരോധനം വിപരീതഫലം ചെയ്യുമെന്നുറപ്പായപ്പോൾ കേന്ദ്രസർക്കാർ മദ്യനിരോധന നടപടികളിൽ നിന്നും പിന്തിരിഞ്ഞു. തുടർന്ന് 1977ൽ മൊറാർജി ദേശായി ഗവൺമെന്റും മദ്യനിരോധനത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും വിജയം കണ്ടില്ല.


മദ്യത്തിനും മദ്യേതര ലഹരിക്കുമെതിരെ പ്രവർത്തിക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളുടെയും വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടേയും കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിക്കെതിരെയുള്ള ബോധവത്‌കരണം ശക്തമാക്കണം. ബോധവത്‌കരണത്തിലൂടെയും നിയന്ത്രണത്തിലൂടെയും ഒരു ലഹരി മുക്ത സമൂഹത്തിനുവേണ്ടി നമുക്കൊന്നായി,​ ഒറ്റക്കെട്ടായി ആത്മാർത്ഥമായി പ്രവർത്തിക്കാമെന്നാവട്ടെ ഈ ഗാന്ധി ജയന്തി ദിനത്തിലെ പ്രതിജ്ഞ.


(ലഹരി നിർമ്മാർജ്ജന യുവജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ലേഖകൻ ഫോൺ - 9995436409 )