
ന്യൂഡൽഹി: അതിവേഗ ഇന്റർനെറ്റ് സംവിധാനമായ 5-ജി സേവനം ഇന്ത്യയിൽ ലഭ്യമാക്കിയ 2022 ഒക്ടോബർ ഒന്ന് ചരിത്രത്തിൽ ഇടം പിടിക്കുമെന്ന് പ്രധാനമന്ത്രി നരന്ദ്രമാേദി പറഞ്ഞു. ഇന്ത്യ പുതിയ സാങ്കേതിക വിദ്യയുടെ ഉപഭോക്താവായി മാത്രം തുടരില്ല. സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും ഇന്ത്യക്ക് പ്രധാന സ്ഥാനമുണ്ടാകും. 2014ൽ നൂറ് ശതമാനം മൊബൈൽ ഫോണുകളും ഇറക്ക് മതി ചെയ്തിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ഇന്ന് ആയിരക്കണക്കിന് കോടികളുടെ മൊബൈൽ ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. എട്ട് വർഷം മുമ്പ് ഇന്ത്യയിലെ മൊബൈൽ ഫോൺ നിർമ്മാണ യൂണിറ്റുകൾ വെറും രണ്ടെണ്ണം മാത്രമായിരുന്നെങ്കിൽ ഇന്നത് 200 ലധികമാണ്.2014ൽ 25 കോടി ഇന്റർനെറ്റ് കണക്ഷനുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 85 കോടിയായി ഉയർന്നിരിക്കുന്നു. 5 ജി സാങ്കേതിക വിദ്യയുടെ ഉപയോഗം ഇന്റർനെറ്റ് സേവനങ്ങളിൽ മാത്രം പരിമിതപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
5ജിയിൽ വന്നു
പ്രധാനമന്ത്രി
5- സേവനം നൽകുന്ന മൂന്നു കമ്പനികളും അതിന്റെ സാദ്ധ്യതകൾ പ്രധാനമന്ത്രിക്ക് നേരിട്ട് കാട്ടിക്കൊടുത്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക് നാഥ് ഷിൻഡെയുടെ സാന്നിദ്ധ്യത്തിൽ റായ്ഗഡിലെ ജ്ഞാന ജ്യോതി സാവിത്രി ഭായ് ഫൂലെ സ്കൂളിലെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രിക്ക് സംസാരിക്കാൻ റിലയൻസ് ജിയോ അവസരമൊരുക്കി.
മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡിഷ എന്നീ മൂന്നു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികളും മുംബയിലെ സ്കൂൾ അദ്ധ്യാപകനും പരസ്പരം മിന്നൽ വേഗത്തിൽ ബന്ധപ്പെടുന്നതിനും പ്രധാനമന്ത്രി സാക്ഷിയായി.
ഡൽഹി മെട്രോയുടെ നിർമ്മാണത്തിലുള്ള ടണലിലെ തൊഴിലാളികളുടെ സുരക്ഷിതത്വത്തിനുള്ള തുരങ്കത്തിന്റെ ഡിജിറ്റൽ ട്വിൻ പ്രധാനമന്ത്രിയുടെ മുമ്പിൽ വോഡാഫോൺ ഐഡിയ സൃഷ്ടിച്ചു. ഇത് തൊഴിലാളികൾക്ക് വിദൂര സ്ഥലങ്ങളിൽ നിന്ന് തത്സമയം സുരക്ഷാ മുന്നറിയുപ്പുകൾ നൽകാൻ സഹായിക്കും. ദ്വാരകയിലെ മെട്രോ ടണലിലെ തൊഴിലാളിയായ റിങ്കു കുമാറുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി.
യു.പിയിലെ ദങ്കൗറിൽ നിന്നുള്ള വിദ്യാർത്ഥികൾ വെർച്ച്വൽ റിയാലിറ്റിയുടെയും ഓഗ്മെന്റഡ് റിയാലിറ്റിയുടെയും സഹായത്തോടെ സൗരയൂഥത്തെ പഠനം നടത്തുന്ന വിദ്യാർത്ഥികളുടെ അനുഭവമാണ് എയർടെൽ പ്രദർശിപ്പിച്ചത്. ഖുഷി എന്ന വിദ്യാർത്ഥിനി ഹോളോഗ്രാമിലൂടെ പ്രത്യക്ഷപ്പെട്ട് പ്രധാനമന്ത്രിയുമായി അനുഭവം പങ്കുവെച്ചു.