arrest

ടെഹ്റാൻ: രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭകർക്കൊപ്പം പങ്കു ചേർന്ന 9 വിദേശികളെ അറസ്റ്റ് ചെയ്തെന്ന് ഇറാൻ. ജർമ്മനി,​ പോളണ്ട്,​ ഇറ്റലി,​ ഫ്രാൻസ്,​ നെതർലൻഡ്സ്,​ സ്വീഡൻ എന്നീ യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാണ് അറസ്റ്റിലായത്. ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസ് അറസ്റ്റ് ചെയ്ത മഹ്സ അമിനി (22)കസ്റ്റഡിയിൽ മരിച്ചതിന് പിന്നാലെയാണ് രണ്ടാഴ്ച മുമ്പ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

പ്രതിഷേധങ്ങൾ വിദേശികളുടെ പ്രേരണയിൽ നടക്കുന്നതാണെന്നാണ് ഇറാന്റെ ആരോപണം. എന്നാൽ,​ പ്രതിഷേധക്കാർ ഇത് നിഷേധിച്ചു. 80ലേറെ പേരാണ് 16 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. മഹ്സ അമിനി ടെഹ്റാനിൽ വച്ച് അറസ്റ്റിലായതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിക്കുകയുമായിരുന്നു. കസ്റ്റഡിയിൽ വച്ച് തലയ്ക്കേറ്റ മർദ്ദനമാണ് മരണകാരണമെന്ന ആരോപണത്തെ തുടർന്ന് നൂറുകണക്കിന് യുവതികൾ ഹിജാബ് കത്തിച്ചും മുടി മുറിച്ചും പ്രതിഷേധങ്ങൾ തുടരുകയാണ്.