ukraine

കീവ് : കിഴക്കൻ യുക്രെയിനിലെ ഡൊണെസ്കിലെ ലൈമൻ നഗരത്തിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതായി റഷ്യ അറിയിച്ചു. യുക്രെയിൻ സൈന്യം എല്ലാ ദിശയിൽ നിന്നും നഗരം വളഞ്ഞതോടെയാണ് റഷ്യയുടെ നീക്കം. ലൈമൻ നഗരം തങ്ങളുടെ നിയന്ത്രണത്തിലായെന്ന് മണിക്കൂറുകൾക്ക് മുന്നേ യുക്രെയിൻ അവകാശപ്പെട്ടിരുന്നു. വെള്ളിയാഴ്ചയാണ് ഡൊണെസ്ക് ഉൾപ്പെടെയുള്ള നാല് പ്രവിശ്യകൾ ഇനി മുതൽ തങ്ങളുടെ ഭാഗമാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചത്. റഷ്യക്കേറ്റ കനത്ത തിരിച്ചടികളിലൊന്നാണ് ലൈമനിൽ നിന്നുള്ള പിൻമാറ്റം. ലെമന്റെ നിയന്ത്രണം റഷ്യ ഇതുവരെ പിടിച്ചെടുത്തിരുന്നില്ല. അതേ സമയം, ലൈമൻ നഗരത്തിൽ നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതിന് പിന്നാലെ യുക്രെയിനിൽ വീര്യം കുറഞ്ഞ ആണവായുധങ്ങളുടെ പ്രയോഗം ഉൾപ്പെടെയുള്ള കടുത്ത നടപടി സ്വീകരിക്കണമെന്ന് പുട്ടിന്റെ അടുത്ത അനുയായിയും ചെച്‌നിയ നേതാവുമായ റാംസൻ കഡ്രയോവ് പറഞ്ഞു.