kk

തിരുവനന്തപുരം : അന്തരിച്ച സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന്. നാളെ ഉച്ചയ്ത്ത് മൃതദേഹം തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശേരി ടൗൺ ഹാളിൽ പൊതുദർശനം

അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോടിയേരി ഇന്ന് രാത്രി എട്ടിനാണ് അന്തരിച്ചത്. മൂന്നു തവണ സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പാർട്ടിയെ നയിച്ചു. അഞ്ചു തവണ തലശേരിയിൽ നിന്ന് എം.എൽ.എയായി. കർക്കശക്കാരനായ കമ്മ്യൂണിസ്റ്റുകൾക്കിടയിൽ സൗമ്യനായ നേതാവായിരുന്നു കോടിയേരി.

. 2015ൽ ആലപ്പുഴ സമ്മേളനത്തിൽ സെക്രട്ടറിയായ കോടിയേരി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സർക്കാർ - പാർട്ടി ഏറ്റുമുട്ടലില്ലാതെ അനുനയത്തോടെ നയിച്ചു. 2018ലെ തൃശൂർ സമ്മേളനത്തിലും അമരത്ത് തുടർന്ന കോടിയേരി, സി.പി.എമ്മിലും ഇടതുമുന്നണിയിലും അസ്വാരസ്യങ്ങളില്ലാതെ കൊണ്ടുപോകാനുള്ള മെയ്‌വഴക്കം കാട്ടി. ഒന്നാം പിണറായി ഭരണത്തിൽ സി.പി.ഐ പരസ്യകലാപത്തിന് മുതിർന്നപ്പോഴെല്ലാം മദ്ധ്യസ്ഥനായി തണുപ്പിച്ചത് കോടിയേരിയായിരുന്നു.

ബന്ധുനിയമനവും കസ്റ്റഡി മരണങ്ങളും കായൽകൈയേറ്റവും സ്വർണക്കടത്തും ഒന്നാം പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയപ്പോഴെല്ലാം പാർട്ടിയുടെ പിന്തുണയോടെ അതിജീവിച്ചത് കോടിയേരിയുടെ നേതൃമികവിന്റെ തെളിവാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം അവധിയെടുത്തത് അനാരോഗ്യവും തുടർ ചികിത്സയും മാത്രം കൊണ്ടാണെന്ന് പലരും വിശ്വസിക്കുന്നില്ല. കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയ പകപോക്കലെന്ന ആക്ഷേപമുയർത്തുമ്പോഴും മകൻ ബിനീഷ് കോടിയേരിയുടെ അറസ്റ്റ് പാർട്ടി സെക്രട്ടറിയായിരുന്ന കോടിയേരിക്കും വെല്ലുവിളി ഉയർത്തി. പ്രതിപക്ഷം അത് ആയുധമാക്കിയത് കോടിയേരിയെ വിഷമിപ്പിച്ചു.

തിരഞ്ഞെടുപ്പിന്റെ നിർണായകസന്ധിയിൽ അവധിയെടുത്തു. പക്ഷേ, ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്ത് തിരിച്ചെത്തിയ അദ്ദേഹം അവധിയിൽ തുടർന്നെങ്കിലും പാർട്ടിയുടെ നിർണായക നയതീരുമാനങ്ങളിലെല്ലാം മുഖ്യപങ്കാളിയായി. നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി രണ്ടുടേം മത്സരിച്ചവരെ മാറ്റി നിറുത്തിയതും മന്ത്രിസഭയിൽ നിന്ന് മുൻ മന്ത്രിമാരെ ഒഴിവാക്കിയതും കോടിയേരിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും കാർമ്മികത്വത്തിലായിരുന്നു.