kodiyeri

തിരുവനന്തപുരം: രാഷ്ട്രീയം പോലെതന്നെ വായനയ്ക്കും വളരെയധികം പ്രാധാന്യം നൽകിയിരുന്ന വ്യക്തിയായാണ് കോടിയേരി ബാലകൃഷ്ണൻ എന്ന കമ്മ്യൂണിസ്റ്റ് നേതാവ്. വായനശാലയിലെ നിത്യസന്ദർശനത്തിലൂടെ ആർജിച്ച അറിവും തിരിച്ചറിവുമാണ് തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പാർട്ടിയിൽ തിരക്കേറിയ സമയത്തും കോടിയേരി വായനയ്ക്കായി സമയം കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം പ്രവർത്തനകേന്ദ്രമായി മാറിയപ്പോൾ ആദ്യം എംഎൽഎ ക്വാർട്ടേഴ്സിലായിരുന്നു താമസം. അക്കാലത്ത് റിലീസാകുന്ന എല്ലാ സിനിമകളും അന്നേദിവസം തന്നെ അദ്ദേഹം കാണുമായിരുന്നു. എകെജി ഫ്ലാറ്റിലെ കോടിയേരിയുടെ ഓഫീസ് മുറിയിലും ലൈബ്രറിയുണ്ട്. പേനകളോടും ഡയറികളോടും അദ്ദേഹത്തിന് പ്രത്യേക ഇഷ്ടമായിരുന്നു. ഇവ ആര് സമ്മാനിച്ചാലും ഇഷ്ടമാണ്. ഡയറി കിട്ടുന്നപാടേ അതിൽ 'കോടിയേരി ബാലകൃഷ്ണൻ' എന്ന പേരെഴുതി സൂക്ഷിച്ചുവയ്ക്കും.

kodiyeri

അതേസമയം, സിപിഎമ്മിന്റെ കരുത്തുറ്റ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാനൊരുങ്ങുകയാണ് രാഷ്ട്രീയ കേരളം. മ‌ൃതദേഹം പന്ത്രണ്ട് മണിയോടെ കണ്ണൂർ തലശേരിയിൽ എത്തിക്കും. ഇന്ന് മുഴുവൻ തലശേരി ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. ചെന്നൈ ശ്രീരാമചന്ദ്ര ആശുപത്രിയിൽ നിന്ന് മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്നാണ് ഭൗതികശരീരം തലശേരി ടൗൺഹാളിൽ എത്തിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി, മകൻ ബിനീഷ് കോടിയേരി തുടങ്ങിയവർ മൃതദേഹത്തെ അനുഗമിക്കും.