
ജക്കാർത്ത: ഫുട്‌ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 127 പേർക്ക് ദാരുണാന്ത്യം. 180 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ കിഴക്കൻ ജാവപ്രവിശ്യയിൽ ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് പ്രാദേശിക ടീമുകൾ തമ്മിലെ മത്സരത്തിന് ശേഷം നടന്ന സംഭവവികാസങ്ങൾ ദുരന്തത്തിൽ കലാശിക്കുകയായിരുന്നു.
മത്സരത്തിനെ തുടർന്ന് തോറ്റ ടീമിന്റെ ആരാധകർ സ്റ്റേഡിയം കയ്യടക്കിയതോടെ സംഘർഷം നിയന്ത്രിക്കുന്നതിനായി പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പിന്നാലെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കടുത്ത തിക്കും തിരക്കും ഉണ്ടാവുകയായിരുന്നു. സംഭവത്തിന് ശേഷം അനേകം പേർക്ക് ശ്വാസതടസം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന് പിന്നാലെ ഇന്തോനേഷ്യയിലെ മികച്ച മത്സരങ്ങളിലൊന്നായ ബി ആർ ഐ ലിഗ 1 മത്സരങ്ങൾ ഒരാഴ്ചത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്തോനേഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു.