mood-swings

നിങ്ങൾ എന്താണോ കഴിക്കുന്നത്, അതാണ് നിങ്ങൾ എന്നൊരു വാചകമുണ്ട്. അത് സത്യവുമാണ്. ഒരാളുടെ ആരോഗ്യത്തെയും മാനസിക നിലയെയും നിയന്ത്രിക്കുന്നതിൽ ഉള്ളിൽചെല്ലുന്ന ആഹാരത്തിന് വലിയ പങ്കാണുള്ളത്. ഇന്നത്തെ തലമുറ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മാനസിക സംഘർഷം. ഡിപ്രഷൻ അഥവാ വിഷാദം എന്നത് സാധാരണയായി കേൾക്കുന്ന വാക്കുകളിലൊന്നായി മാറി. ഇന്നത്തെ യുവാക്കളിൽ വിഷാദം മൂലം വിഷമിക്കാത്തവർ വളരെ കുറവാണ്. ഇതിൽ നിന്ന് രക്ഷ നേടുന്നതിനായി മരുന്നിനെയും ലഹരിയെയും ആശ്രയിക്കുന്നവരും അനവധിയാണ്. നമ്മൾ കഴിക്കുന്ന ഭക്ഷണം ഒന്ന് ശ്രദ്ധിച്ചാൽ ഇത്തരം മാനസികാവസ്ഥയ്ക്ക് ഒരുപരിധിവരെ പരിഹാരം കണ്ടെത്താൻ സാധിക്കും.

ശരിയായ രീതിയിലെ ആഹാരക്രമം പാലിക്കാതിരിക്കുന്നത് തലച്ചോറിന്റെ വീക്കത്തിന് കാരണമാകുമെന്നതിനാൽ അനാരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഇടയ്ക്കിടെ മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വിദഗ്ദ്ധർ പറയുന്നു. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നാമെങ്കിലും പോഷകാഹാരക്കുറവും വിഷാദത്തിന് കാരണമാവുന്നു. ഏതൊക്കെ പോഷകങ്ങളാണ് ഇടയ്ക്കിടെ മൂഡ് സ്വിംഗ്‌സ് ഉണ്ടാകുന്നതിന് കാരണമാവുന്നതെന്ന് നോക്കാം.

സിങ്ക്: ആഹാരത്തിൽ സിങ്കിന്റെ കുറവ് ദഹനപ്രക്രിയയെ സാരമായി ബാധിക്കുന്നതിനോടൊപ്പം വിഷാദത്തിനും കാരണമാവുന്നു. അതിനാൽതന്നെ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. ബദാം, ചീര, ചിപ്പി, ചിക്കൻ, കക്കയിറച്ചി എന്നിവയിൽ ധാരാളം സിങ്ക് അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ബി6: മാനസികാവസ്ഥയെ ബാധിക്കുന്ന ഹോർമോണുകളായ സെറോറ്റോണിൻ, ഡോപ്പമൈൻ എന്നിവയുടെ ഉത്പാദനത്തെ ബാധിക്കുന്ന വൈറ്റമിൻ ബി6 മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. വൈറ്റമിൻ ബി6ന്റെ കുറവ് വിഷാദം, ഉത്‌കണ്‌ഠ, ക്ഷീണം, ആശയകുഴപ്പം, അസ്വസ്ഥത, പ്രിമെൻസ്ട്രൽ സിൻഡ്രോം എന്നിവയ്ക്ക് കാരണമാവുന്നു. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം ഇത്തരം അവസ്ഥകളെ കൂടുതൽ സങ്കീർണമാക്കുന്നു. ബീൻസ്, നട്‌സ്, ഇലക്കറികൾ, ഇറച്ചി, കടൽവിഭവങ്ങൾ എന്നിവയിലാണ് കൂടുതലായും വൈറ്റമിൻ ബി6 കാണപ്പെടുന്നത്.

ആന്റി ഓക്‌സിഡന്റ്‌സ്: വിഷാദം, ഉത്‌കണ്‌ഠ തുടങ്ങിയ മാനസിക സമ്മർദങ്ങളിൽ നിന്ന് രക്ഷനേടാൻ സഹായിക്കുന്നവയാണ് ആന്റി ഓക്‌സിഡന്റുകൾ. മധുരത്തിന്റെ അമിതമായ ഉപയോഗം, റിഫൈൻഡ് കാർബോഹൈഡ്രേറ്റ്, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവ മാനസിക സമ്മർദ്ദത്തിന് വഴിതെളിക്കുന്നു. നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലുമാണ് ആന്റി ഓക്‌സിഡന്റുകൾ പ്രധാനമായും കാണപ്പെടുന്നത്.

ഇത്തരം പോഷകങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശ്രദ്ധിക്കുന്നതിനോടൊപ്പം പോഷകാഹാര വിദഗ്ദ്ധന്റെ സഹായം കൂടി തേടുക. ഡയറ്റ്, വ്യായാമങ്ങൾ എന്നിവ ക്രമീകരിക്കുന്നതിന് മുൻപായി ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതും പ്രധാനമാണ്.