
തിരുവനന്തപുരം: പിടിപെട്ടാൽ മാസങ്ങൾക്കകം മരണസാദ്ധ്യതയുളള ഗുരുതരമായ പാൻക്രിയാസ് അർബുദത്തോട് കോടിയേരി ബാലകൃഷ്‌ണൻ പൊരുതിയത് മൂന്ന് വർഷത്തോളമാണ്. 2019ൽ ഒക്‌ടോബർ മാസത്തിൽ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന അദ്ദേഹത്തിന് പതിവ് പരിശോധനയിലാണ് അർബുദ സാദ്ധ്യത ഡോക്‌ടർ കണ്ടത്. ഡോക്‌ടർ രക്തപരിശോധന നിർദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു. ഇപ്പോൾ മൂന്ന് വർഷം നീണ്ട പോരാട്ടത്തിന് ശേഷം ഒക്‌ടോബർ ഒന്നിന് അദ്ദേഹം മരണത്തിന് കീഴടങ്ങി.
രോഗം അലട്ടിയെങ്കിലും തന്റെ പതിവ് പാർട്ടി ചിട്ടകളൊന്നും കോടിയേരി തെറ്റിച്ചിരുന്നില്ല. രോഗം ഉണ്ടെന്ന് കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം, അതിനോട് പൊരുതുകയാണ് വേണ്ടത്. എന്ന് മുൻപ് രോഗത്തെ കുറിച്ച് കോടിയേരി പറഞ്ഞിരുന്നു. രോഗ ചികിത്സയിലായിരുന്നപ്പോൾ താമസ സ്ഥലമായ എകെജി ഫ്ളാറ്റിൽ നിന്നും എതിർവശത്തുളള പാർട്ടി ആസ്ഥാനമായ എകെജി സെന്റർ വരെ മാത്രമേ അദ്ദേഹം പോയിരുന്നുളളു.
ദീർഘനാളുകളായുളള ചികിത്സയ്‌ക്ക് ശേഷം ശനിയാഴ്‌ച രാത്രി എട്ട് മണിയോടെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. കോടിയേരിയുടെ മൃതദേഹം വഹിച്ച എയർ ആംബുലൻസ് 11.22ഓടെ മാത്രമേ ചെന്നൈയിൽ നിന്നും പുറപ്പെട്ടു. 1.15ഓടെ കണ്ണൂർ വിമാനത്താവളത്തിലെത്തും. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങും.