
മഹിഷാസുരനെ ശക്തി ദേവി വധിച്ചതുമായി ബന്ധപ്പെട്ട് ആഘോഷിക്കുന്ന ഒമ്പത് രാത്രികളെയാണ് നവരാത്രി എന്ന് പറയുന്നത്. ഈ ദിവസങ്ങളിൽ വ്രതം അനുഷ്ഠിക്കുന്നതും ദേവീ മന്ത്രങ്ങൾ ചൊല്ലുന്നതും ഉത്തമമാണ്. ഈ വർഷത്തെ പുസ്തക പൂജയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാം.
സമയം
ഒക്ടോബർ രണ്ട് ഞായറാഴ്ച 6.44 മുതൽ തിങ്കളാഴ്ച വൈകിട്ട് 4.38 വരെയാണ് പൂജ വയ്ക്കാനുള്ള സമയം. ക്ഷേത്രങ്ങളിൽ ഞായറാഴ്ച വൈകിട്ടാണ് പൂജ വയ്ക്കുന്നത്. ഒക്ടോബർ നാല് ചൊവ്വാഴ്ച പൂജ എടുക്കാവുന്നതാണ്.
വ്രതം
ലഹരി, മദ്യം, മാംസം തുടങ്ങിയവ നവരാത്രി ദിനങ്ങളിൽ പാടേ ഒഴിവാക്കേണ്ടതാണ്. കൂടാതെ വീടുകളിൽ രണ്ടുനേരം വിളക്ക് കൊളുത്തണം. പഠിക്കുന്ന കുട്ടികൾ പൂജ വയ്ക്കുന്ന ദിവസം മുതൽ പൂജ എടുക്കുന്നത് വരെ വ്രതം അനുഷ്ഠിക്കണം. ദിവസവും രണ്ടുനേരെ ക്ഷേത്രദർശനം നടത്തുന്നതും ഉത്തമമാണ്.
നെയ് വിളക്ക്
നവരാത്രി ദിനങ്ങളിൽ നെയ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് അത്യുത്തമമാണ്. സാധിക്കുന്നവർ ക്ഷേത്രങ്ങളിൽ നെയ് വിളക്ക് വഴിപാട് നടത്തുക.
പ്രാർത്ഥിക്കുമ്പോൾ
ആദ്യം ഗണപതി ഭഗവാനെ പ്രാർത്ഥിക്കുക, രണ്ടാമത് സരസ്വതി ദേവിയെയും ശേഷം നിങ്ങളുടെ ഇഷ്ട ഭഗവാനെയും പ്രാർത്ഥിക്കേണ്ടതാണ്. രാവിലെ പ്രാർത്ഥിക്കുമ്പോൾ സരസ്വതീ-ഗായത്രി മന്ത്രം ജപിക്കുന്നതും വളരെ നല്ലതാണ്. ഈ മന്ത്രം 108 തവണ ജപിക്കുന്നത് ഓർമ്മശക്തി വർദ്ധിക്കാനും പഠനത്തിൽ മുന്നേറാനും ദേവിയുടെ അനുഗ്രഹം ലഭിക്കുവാനും സാധിക്കുന്നതാണ്.
കുട്ടികൾ ശ്രദ്ധിക്കേണ്ടത്
പൂജയ്ക്ക് പുസ്തകം വച്ച കുട്ടികൾ മുതിർന്നവരെ ബഹുമാനിക്കണം. തെറ്റായ കാര്യങ്ങൾ ചിന്തിക്കാൻ പാടുള്ളതല്ല. പകൽ സമയം ഉറങ്ങാനോ മുടിയോ നഖമോ മുറിക്കുവാനോ പാടുള്ളതല്ല.
കടുംപായസം
വീട്ടിലോ ക്ഷേത്രങ്ങളിലോ ദേവിക്ക് കടുംപായസം നിവേദിക്കുന്നത് വളരെ നല്ലതാണ്. ഇതിലൂടെ പുസ്തകം പൂജ വച്ചതിന്റെ പൂർണഫലം ലഭിക്കുന്നതാണ്.
പൂജ വയ്ക്കേണ്ടത്
ഞായറാഴ്ച സൂര്യാസ്തമയത്തോടെയാണ് പൂജ വയ്ക്കേണ്ടത്. ക്ഷേത്രങ്ങളിൽ പൂജ വയ്ക്കുന്നതാണ് ഉത്തമം. ഇതിന് കഴിയാത്തവർക്ക് വീടുകളിൽ വയ്ക്കാം. എന്നാൽ ഓഫീസുകളിലോ മറ്റ് സ്ഥാപനങ്ങളിലോ പൂജ വയ്ക്കാൻ പാടുള്ളതല്ല. വീടുകളിൽ പൂജ വയ്ക്കുമ്പോൾ വൃത്തിയുള്ള സ്ഥലം തിരഞ്ഞെടുക്കേണ്ടതാണ്. അൽപ്പം ചാണകവെള്ളമോ മഞ്ഞൾ വെള്ളമോ തളിച്ചശേഷം മാത്രം പൂജ വയ്ക്കുക.
പീഠം
ഒരിക്കലും നിലത്ത് പൂജ വയ്ക്കാൻ പാടില്ല. പകരം ഒരു പീഠത്തിൽ വൃത്തിയുള്ള തുണി വിരിച്ചശേഷം പൂജവയ്ക്കുക. വിളക്ക് കൊളുത്തിയ ശേഷമാണ് പുസ്തകങ്ങൾ വയ്ക്കേണ്ടത്.
ദൂപവും പുഷ്പവും
പൂജ വച്ച ശേഷം ദൂപം കൊണ്ട് ആരതി നടത്തേണ്ടതാണ്. അവിലും മലരും കൽക്കണ്ടവും നിവേദ്യമായി വയ്ക്കാവുന്നതാണ്. ശേഷം മഞ്ഞ അല്ലെങ്കിൽ വെളുത്ത പുഷ്പം സമർപ്പിക്കേണ്ടതാണ്.
പൂജ എടുക്കുമ്പോൾ
പൂജ എടുക്കുമ്പോൾ അരിയിലോ മണ്ണിലോ ഓം ഗം ഗണപതയേ നമഃ എന്നെഴുതിയ ശേഷം പൂജയ്ക്ക് വച്ച പുസ്തകത്തിലെ ഒരു വരിയെങ്കിലും വായിക്കുന്നത് ഉത്തമമാണ്.