
കണ്ണൂർ: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ(68) മൃതദേഹവും വഹിച്ചുകൊണ്ടുളള വിലാപയാത്ര കണ്ണൂരിൽ ആരംഭിച്ചു. ചെന്നൈയിൽ നിന്നും എയർ ആംബുലൻസിൽ എത്തിച്ച മൃതദേഹം മുഖ്യമന്ത്രി പിണറായി വിജയൻ, പോളിറ്റ്‌ബ്യൂറോ അംഗം എം.എ ബേബി എന്നിവരടക്കം മുതിർന്ന നേതാക്കൾ ഏറ്റുവാങ്ങി. ആയിരക്കണക്കിന് സിപിഎം പാർട്ടി പ്രവർത്തകരും വികാരവായ്‌പ്പോടെ എത്തി. ഇവർ മുദ്രാവാക്യം വിളികളോടെ അഭിവാദ്യമർപ്പിച്ചു. പ്രിയ നേതാവിനെ മൃതദേഹം ഒരുനോക്കുകാണാൻ പാർട്ടി പ്രവർത്തകർ റോഡിന് ഇരുവശവുമായി കാത്തുനിൽക്കുകയാണ്. പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ പുറത്തുനിന്നും ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാനാകും.
രാവിലെ 11.22ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുമാണ് എയർ ആംബുലൻസ് പുറപ്പെട്ടത്. ഭാര്യ വിനോദിനി, മകൻ ബിനീഷ്, മരുമകൾ റിനീറ്റ എന്നിവർ എയർ ആംബുലൻസിൽ അനുഗമിച്ചു. ഇന്ന് മുഴുവൻ കോടിയേരിയുടെ ഭൗതികശരീരം തലശേരിയിൽ പൊതുദർശനം നടത്തും. അദ്ദേഹത്തോടുളള ആദരസൂചകമായി തലശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ നാളെ ഹർത്താൽ ആചരിക്കും. തലശേരിയിൽ പയ്യാമ്പലം കടപ്പുറത്ത് തന്റെ പാർട്ടിയിലെ പ്രിയ നേതാക്കളുടെ സ്മൃതികുടീരങ്ങൾക്ക് സമീപമാകും കോടിയേരിയുടെയും അന്ത്യവിശ്രമ സ്ഥലം. നാളെ വൈകുന്നേരം മൂന്ന് മണിയോടെയാകും സംസ്‌കാരം.സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് അടക്കം മുതിർന്ന നേതാക്കൾ അടുത്തദിവസം കണ്ണൂരേക്ക് എത്തും. പ്രിയ നേതാവിന്റെ സംസ്‌കാരത്തിൽ ഇവർ പങ്കെടുക്കും.