
കൊച്ചി: ഇന്ത്യൻ ഇലക്‌ട്രിക് കാർ വിപണിയിൽ 80 ശതമാനത്തിന് മുകളിലാണ് ആഭ്യന്തര വാഹനനിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്‌സിന്റെ വിഹിതം. ടാറ്റയുടെ ഇ-മോഡലുകൾക്ക് ലഭിക്കുന്ന വൻ സ്വീകാര്യത ഇതിൽ നിന്ന് വ്യക്തം. ഇപ്പോഴിതാ, സ്വീകാര്യതയുടെ ആഴംകൂട്ടാനായി ടിയാഗോ ഇ.വി അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ.
8.49 ലക്ഷം രൂപ മുതൽ 11.79 ലക്ഷം രൂപവരെ പ്രാരംഭവിലയിലാണ് ടിയാഗോ ഇ.വി മോഡലുകൾ എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും കുറഞ്ഞവിലയുള്ള ഇലക്‌ട്രിക് കാർ എന്ന പട്ടം ടിയാഗോ ഇ.വിക്ക് സ്വന്തം. 10 ലക്ഷം രൂപയ്ക്ക് താഴെ വിലയിലെത്തുന്ന ആദ്യ ഇ.വി ഹാച്ച്ബാക്കെന്ന പെരുമയും ടിയാഗോ ഇ.വി സ്വന്തം പേരിലാക്കി.
ഒറ്റ ഫുൾചാർജിംഗിൽ 250 കിലോമീറ്റർ വരെ റേഞ്ച് നൽകുന്ന 19 കെ.ഡബ്ള്യു.എച്ച്., 315 കിലോമീറ്റർ വരെ റേഞ്ചുള്ള 24 കെ.ഡബ്ള്യു.എച്ച് ബാറ്ററി പായ്ക്ക് ഓപ്‌ഷനുകളാണ് ടിയാഗോ ഇ.വിക്കുള്ളത്. രണ്ട് ഓപ്‌ഷനുകളിലുമായി എക്‌സ്.ഇ., എക്‌സ്.ടി., എക്‌സ്.ഇസഡ് പ്ളസ്, എക്‌സ്.ഇസഡ് പ്ളസ് ലക്‌സ് വേരിയന്റുകളുണ്ട്.