myanmar

നേപ്യിഡോ: യാത്രയ്‌ക്കിടെ വിമാനത്തിലേക്ക് ഭൂമിയിൽ നിന്നും വെടിവയ്‌പ്പ്. വെടിയുണ്ട വിമാനത്തിലൂടെ തുളച്ചുകയറി ഒരു യാത്രക്കാരന് പരിക്കേറ്റു. മ്യാൻമാർ നാഷണൽ എയർലൈൻസ് വിമാനത്തിലാണ് വെടിയേറ്റത്. വെടികൊണ്ട യാത്രക്കാരനെ വിമാനം ഉടൻ തിരികെയിറക്കി ലോയികാ‌വിലെ ആശുപത്രിയിലാക്കി.

സംഭവത്തിന് പിന്നാലെ നഗരത്തിലേക്കുള‌ള എല്ലാ വിമാനങ്ങളും റദ്ദാക്കിയതായി മ്യാൻമാ‌ർ നാഷണൽ എയർലൈൻസ് അറിയിച്ചു. അനിശ്ചിതകാലത്തേക്കാണ് സർവീസുകൾ റദ്ദാക്കിയത്. വിമാനത്തിന് നേരെ വെടിവച്ചത് കയായിലെ വിമതരാണെന്ന് മ്യാൻമാറിലെ പട്ടാള സർ‌ക്കാർ ആരോപിച്ചു. അതേസമയം വിമതർ ഇത് തള‌ളി. ഇത്തരത്തിൽ യാത്രാവിമാനത്തിന് നേരെയുള‌ള ആക്രമണം യുദ്ധക്കുറ്റമാണെന്ന് മ്യാൻമാ‌ർ സർക്കാർ വക്താവ് മേജർ ജനറൽ സാ മിൻ ടുൺ പറഞ്ഞു.

തിരഞ്ഞെടുപ്പിലൂടെ അധികാരം നേടിയ ഓംഗ് സാൻ സൂ കിയുടെ സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്ത 2021 മുതൽ പ്രദേശത്ത് സൈന്യവും വിമതരും തമ്മിൽ ശക്തിയേറിയ സായുധ ഏറ്റുമുട്ടൽ നടക്കുകയാണ്.