blue-tea-

പാൽ ചായ, കട്ടൻ ചായ, മസാല ചായ, ഇഞ്ചി ചായ, ലെമൺ ടീ, ഗ്രീൻ ടിീഎന്നിങ്ങനെ വൈവിദ്ധ്യമാർന്ന ചായ മിക്കവാറും പേരും ആസ്വദിച്ചിട്ടുണ്ടാവും. എന്നാൽ നീലച്ചായ അഥവാ ബ്ലൂടീ കുടിച്ചിട്ടുള്ളവർ അപൂർവമായിരിക്കും. ​ കാഴ്ചയിൽ ഭംഗിയുള്ളതും ആരോഗ്യത്തിന് ഏറെ ഗുണമുള്ളതുമാണ് നീലചായ. ക്ലിറ്റോറിയ ടെർനാടീ എന്ന ശാസ്ത്രനാമത്തിൽ അറിയപെടുന്ന ശംഖുപുഷ്പമാണ് നീല ചായ ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. നമ്മുടെ പരിസരങ്ങളിൽ വളരെ സുലഭമായി കിട്ടുന്നതാണ് ശംഖുപുഷ്പത്തിന്റെ ചെടി. നീല,വെള്ള പുക്കളാണ് സാധാരണയായി ഈ ചെടിയിൽ ഉള്ളത്.

ശംഖുപുഷ്പത്തിന്റെ ഇതളുകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന ചായയാണ് നീല ചായ. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളും സമ്മർദ്ദത്തെയും ശരീരഭാരം കുറയ്ക്കാനുമുള്ള

കഴിവും ഉണ്ട്. ശംഖുപുഷ്പത്തിന്റെ ഉണങ്ങിയതോ പുതിയതോ ആയ ഇലകൾ ഉപയോഗിച്ചാണ് നീല ചായ ഉണ്ടാക്കുന്നത്. തെയിലയും പഞ്ചസാരയും ഒന്നും ഇതിൽ ചേർക്കുന്നില്ല.

നീല ചായ ഉണ്ടാക്കാം

മൂന്ന്,​ നാല് ശംഖുപുഷ്പം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് നന്നായി തിളപ്പിക്കണം. അതേ നിറത്തിൽ തന്നെയായിരിക്കും ചായ ലഭിക്കുന്നത്. ഇത് ചൂടോടെ കുടിക്കാം. ആവശ്യമെങ്കിൽ തേൻ ചേർക്കാം. നാരങ്ങ നീര് ചേർത്തും നീല ചായ കുടിക്കാവുന്നതാണ്. പഞ്ചസാര ഇതിൽ ഉപയോഗിക്കാതിരിക്കലാണ് ആരോഗ്യത്തിന് ഏറെ നല്ലത്. ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപാണ് ചൂടുള്ള ഒരു കപ്പ് ബ്ലൂ ടീ കുടിക്കേണ്ടത്. ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിന് ശേഷവും ഇത് കുടിക്കുന്നത് നല്ലതാണ്.