kodiyeri-wife

കണ്ണൂർ: അന്തരിച്ച സി പി എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൊതു‌ദർശന വേദിയിൽ സങ്കടമടക്കാനാകാതെ തളർന്ന് വീണ് ഭാര്യ വിനോദിനി. കര‌ഞ്ഞ് തളർന്ന വിനോദിനിയെ മകനായ ബിനീഷ് കോടിയേരിയും നേതാക്കളും ചേർത്തുപിടിച്ചു. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരുന്ന തലശ്ശേരി ടൗൺ ഹാൾ അതി വികാരനിർഭരമായ കാഴ്ചകൾക്കാണ് വേദിയായത്. ടൗൺ ഹാളിൽ വൈകുന്നേരം മൂന്ന് മണിയോടെ ആരംഭിച്ച പൊതുദർശനത്തിൽ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനായി പതിനായിരങ്ങളാണ് ഒത്തുകൂടിയത്. തീക്ഷ്ണമായ സമരങ്ങളിൽ സഹയാത്രികനായ വിപ്ളവ നേതാവിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്കൊടി പുതപ്പിക്കുകയും അന്ത്യാഭിവാദ്യം അർപ്പിക്കുകയും ചെയ്തു. പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ചപ്പോൾ സങ്കടം അടക്കാനാകാതെ വിനോ‌ദിനി വിങ്ങിപ്പൊട്ടി.

ടൗൺ ഹാളിലെത്തിയ വിനോദിനിയെ പിണറായി വിജയനും ഭാര്യ കമലയും ആശ്വസിപ്പിച്ചിരുന്നു. എന്നാൽ കോടിയേരിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസറിന് അടുത്തെത്തിയതോടെ വാവിട്ട് കരഞ്ഞ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് ബിനോയ് കോടിയേരി, ബിനീഷ് കോടിയേരി, മകന്റെ ഭാര്യ, സിപിഎം നേതാക്കളായ പികെ ശ്രീമതി, കെകെ ഷൈലജ അടക്കമുള്ളവർ ചേർന്ന് ഇവരെ കോടിയേരി ഈങ്ങയിൽ പീടികയിലെ വീട്ടിലേക്ക് മാറ്റുകയായിരുന്നു

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു കോടിയേരിയുടെ അന്ത്യം. ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവരും ചെന്നൈയില്‍ നിന്ന് മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് മൃതദേഹം തലശ്ശേരി ടൗൺ ഹാളിലെത്തിച്ചത്. ഇന്ന് വൈകുന്നേരം എട്ട് മണി വരെയാണ് ടൗൺ ഹാളിൽ പൊതുദർശനം തുടരുക. നാളെ രാവിലെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നിനു പയ്യാമ്പലത്ത് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം.