uk

ലണ്ടൻ: ബ്രിട്ടണിൽ കുറഞ്ഞ വൈദഗ്ദ്ധ്യമുള്ള കുടിയേറ്റക്കാരും അന്താരാഷ്ട്ര വിദ്യാർത്ഥികളും കൂടുതലാണെന്ന് ബ്രിട്ടീഷ് ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സ്യുവെല്ല ബ്രേവർമാൻ. അന്താരാഷ്ട്ര വിദ്യാർത്ഥികൾ ആശ്രിതരെ ഒപ്പം കൂട്ടുന്നത് രാജ്യത്തിന്റെ വളർച്ചയെ ബാധിക്കുന്നുണ്ട്.

വളർച്ച വർദ്ധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ബ്രിട്ടൺ ക്രമേണ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാൻ ശ്രമിക്കുമെന്നും കുടിയേറ്റ നയങ്ങൾ അവലോകനം ചെയ്യുമെന്നും സ്യുവെല്ല ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്കൊപ്പമെത്തുന്ന ആശ്രിതർ ജോലി ചെയ്യുന്നില്ല. അല്ലെങ്കിൽ കുറഞ്ഞ നൈപുണ്യമുള്ള ജോലികൾ ചെയ്യുന്നു. ഇവർ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് സംഭാവന നൽകുന്നില്ലെന്നും ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്യുവെല്ല പറഞ്ഞു.

അടുത്തിടെയായി ഇന്ത്യ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്ന് ബ്രിട്ടണിലെത്തുന്ന വിദ്യാർത്ഥികളുടെയും കുടിയേറ്റ തൊഴിലാളികളുടെയും എണ്ണത്തിൽ വർദ്ധനവുണ്ടായെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ തൊഴിൽ ക്ഷാമം നിയന്ത്രിക്കാൻ കുടിയേറ്റ നിയമങ്ങളിലും മറ്റും മാറ്റങ്ങൾ വരുത്തുമെന്ന് പ്രധാനമന്ത്രി ലിസ് ട്രസും മുമ്പ് സൂചിപ്പിച്ചിരുന്നു.