
നവരാത്രി ആഘോഷത്തിലാണ് വിശ്വാസികൾ. അക്ഷരപൂജയുടെയും ആയുധ പൂജയുടെയും ദിവസങ്ങൾ കൂടിയാണ് നവരാത്രി കാലം. ഇത്തവണ മഹാനവമി ഒക്‌ടോബർ നാല് ചൊവ്വാഴ്ചയും വിദ്യാരംഭ ദിനമായ വിജയദശമി ഒക്ടോബർ അഞ്ച് ബുധനാഴ്ചയുമാണ്. സാധാരണയായി അഷ്ടമിക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ ഇക്കാര്യത്തിൽ പല അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്. ഒക്ടോബർ 2നു ഞായറാഴ്ച സന്ധ്യയ്ക്കു പുസ്തകപൂജ ആരംഭിക്കണമെന്നും 3നു തിങ്കളാഴ്ച സന്ധ്യയ്ക്കാണു പുസ്തകങ്ങൾ പൂജയ്ക്കു വയ്ക്കേണ്ടതെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.
എന്നാൽ ദുർഗാഷ്ടമി നാളെ ആണെങ്കിലും ജ്യോതിഷ പ്രമാണങ്ങളനുസരിച്ച് ഇന്നും നാളെയും പൂജവയ്ക്കാം. അഷ്ടമിയുടെ ഇരുദിവസത്തെയും നാഴികയിലുള്ള ഏറ്റക്കുറച്ചിലാണ് കാരണം. ഇന്നു വൈകിട്ട് പൂജവച്ചാൽ നാലാം ദിവസമായിരിക്കും സരസ്വതി പൂജ.
ഞായറാഴ്ച സപ്തമിയിൽ സൂര്യോദയവും അഷ്ടമിയിൽ സൂര്യാസ്തമയവും വരുന്നു. തിങ്കളാഴ്ച ഉദയത്തിലാണ് അഷ്ടമി. സന്ധ്യയ്ക്ക് അഷ്ടമി വരുന്ന സമയത്താണ് പൂജ വയ്ക്കാറുള്ളത്. ഇതിനാൽ ഞായറാഴ്ച സൂര്യൻ അസ്തമിച്ച് ഒന്നരമണിക്കൂറിനുശേഷം ഗ്രന്ഥം പൂജയ്ക്ക് വയ്ക്കണമെന്ന പ്രമാണം സ്വീകരിച്ചതായി കേരള തന്ത്രിമണ്ഡലം വൈസ് പ്രസിഡന്റ് വാഴയിൽമഠം എസ്.വിഷ്ണുനമ്പൂതിരി അറിയിച്ചു.
അഷ്ടമി പകലുള്ള ദിവസം കണക്കാക്കി തിങ്കളാഴ്ച രാവിലെ പൂജവയ്ക്കാൻ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമിയാർ നടുവിൽ മഠം അച്യുതാനന്ദഭാരതിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ശ്രീരാഘവപുരം സഭായോഗം തീരുമാനിച്ചിരുന്നു.
ചില പഞ്ചാംഗങ്ങളിൽ പൂജവയ്പ്പ് ഞായറാഴ്ച വൈകിട്ടാണെന്നും ചിലതിൽ തിങ്കളാഴ്ച വൈകിട്ടാണെന്നും രേഖപ്പെടുത്തിയിരുന്നു.