
തലശേരി : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം കാണാൻ പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുതുക്കുടി പുഷ്പനെത്തി. രാത്രി ഏഴരയോടെയാണ് സ്ട്രെക്ച്ചറിൽ കിടത്തിയ പുഷ്പനെ പ്രവർത്തകർ ടൗൺഹാളിൽ എത്തിച്ചത്. നിറകണ്ണുകളോടെ പുഷ്പൻ കോടിയേരിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. കോടിയേരി തലശേരിയിലെത്തി പുഷ്പനെ സന്ദർശിക്കാറുണ്ടായിരുന്നു.
കോടിയേരി കണ്ണൂർ ജില്ലാസെക്രട്ടറിയായിരിക്കെയാണ് കൂത്തുപറമ്പ് വെടി വയ്പ് നടന്നത്. കൂത്തുപറമ്പിൽ അന്നത്തെ സഹകരണ മന്ത്രി എം.വി.രാഘവനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ അഞ്ചു പേരെയാണ് പൊലിസ് മുന്നറിയിപ്പു നൽകാതെ വെടി വച്ചുകൊന്നത്. വെടി വയ്പിൽ മാരകമായി പരിക്കേറ്റ പുഷ്പൻ ശയ്യാവലംബിയായി മനേക്കരയിലെ വീട്ടിൽ കഴിയുകയാണ്. തന്റെ പ്രിയ സഖാവിനെ അവസാനമായി ഒന്നു കാണണമെന്നു പുഷ്പൻ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്നാണ് പാർട്ടി പ്രവർത്തകർ ആംബുലൻസിൽ പുഷ്പനെ പൊതുദർശനം നടക്കുന്ന തലശേരി ടൗൺ ഹാളിലെത്തിച്ചത്. പ്രിയ സഖാവിന്റെ നിശ്ചേതന ശരീരം കണ്ട പുഷ്പൻ മുഷ്ടി ചുരുട്ടി ലാൽസലാം മുഴക്കിയത് വികാരനിർഭര രംഗമായി.
തലശ്ശേരിയിലെ പൊതുദർശനത്തിന് ശേഷം രാത്രി 12 മണിയോടെ മൃതദേഹം കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം.