
ലണ്ടൻ: വീട്ടിൽ കള്ളൻ കയറാതിരിക്കാനായി ടിപ്സ് നൽകുന്ന സ്ഥാപനം നടത്തി വന്ന യുവാവ് ഒടുവിൽ മോഷണക്കേസിൽ പൊലീസ് പിടിയിലായി. സാം എഡ്വേർഡ്സ് എന്ന ബ്രിട്ടനിലെ ബെർക്ക്‌ഷെയർ സ്വദേശിയാണ് പിടിയിലായത്. മോഷ്ടാക്കളെ എങ്ങനെ പിടികൂടാമെന്നും കവർച്ചയിൽ നിന്ന് വീടും ഓഫീസും മറ്റ് വസ്തുക്കളും എങ്ങനെ സുരക്ഷിതമാക്കാമെന്നുമുള്ള ടിപ്സുകളാണ് ഇയാൾ നൽകിയിരുന്നത്. ഇതിനായി 2019ൽ സാംസ് ബർഗ്ലറി പ്രിവൻഷൻ എന്ന സ്ഥാപനവും സാം നടത്തിയിരുന്നു.
കഴിഞ്ഞ ഏപ്രിലിലിൽ മോഷണവുമായി ബന്ധപ്പെട്ട ഒരു കേസിൽ സാമിനെ പൊലീസ് പിടികൂടിയിരുന്നു. ബെർക്ക്ഷെയറിലെ പതിനൊന്നോളം വീടുകളിൽ മോഷണം നടത്തിയതിനായിരുന്നു അറസ്റ്റ്. ചില വീടുകളിൽ മോഷണം നടത്താനുള്ള ശ്രമം നടത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സുരക്ഷിതമെന്ന് തോന്നിപ്പിക്കുന്ന വീടുകളിലാണ് സാം മോഷണം നടത്തിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇതിനു മുൻപ് 20 മില്യൺ ഡോളർ വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ചിരുന്നതായി ഇയാൾ വെളിപെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്നും പറയുന്നു. മോഷണക്കേസിൽ പിടിയിലായ ഇയാളുടെ മറ്റ് ഇടപാടുകളെ കുറിച്ചും അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. ഇയാളെ മൂന്ന് വർഷവും അഞ്ച് മാസം കോടതി തടവുശിക്ഷയ്ക്ക് വിധിച്ചു.