mammoth

വാഷിംഗ്ടൺ : യു.എസിന്റെ പ്രതിരോധ നിരയിൽ ഏറ്റവും മുന്നിലുള്ള പേരാണ് രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടേത് ( സെൻട്രൽ ഇന്റലിജൻസ് ഏജൻസി ). രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളാണ് സി.ഐ.എ കൈകാര്യം ചെയ്യുന്നത്. ഇപ്പോഴിതാ ഒരു പുരാതന ജീവിയുടെ ഉയർത്തെഴുന്നേൽപ്പിന് പിന്തുണയുമായെത്തിയിരിക്കുകയാണ് സി.ഐ.എ.

വംശനാശം സംഭവിച്ച രോമാവൃതമായ ഭീമൻ ശരീരവും കൂർത്ത കൊമ്പുകളോടും കൂടിയ വൂളി മാമത്തുകളെ വീണ്ടും ഭൂമിയിൽ പുനഃസൃഷ്ടിക്കാനുള്ള ഒരു പദ്ധതിയ്ക്കാണ് സി.ഐ.എയുടെ പച്ചക്കൊടി. അമേരിക്കയിലെ ഡാലസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളോസൽ ബയോസയൻസ് എന്ന ബയോടെക്നോളജി കമ്പനിയുടെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ.

ഗവേഷണങ്ങൾക്കായി കോളോസൽ ബയോസയൻസിന് സി.ഐ.എ സാമ്പത്തിക സഹായം നൽകിയെന്ന് ഒരു അമേരിക്കൻ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. സി.ഐ.എയുടെ സ്പോൺസർഷിപ്പിലുള്ള ഒരു നോൺ പ്രൊഫിറ്റ് സംരംഭമാണ് കൊളോസലിൽ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഹാരിസ് ഹിൽട്ടൺ അടക്കമുള്ള ഏതാനും സെലിബ്രിറ്റികളും എഴുത്തുകാരൻ ടോണി റോബിൻസുമൊക്കെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ജീൻ എഡിറ്റിംഗിലൂടെ ആനകളുടെ സഹായത്തോടെ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഭൂമഖത്ത് നിന്ന് മൺമറഞ്ഞ വൂളി മാമത്തുകളെ പുനഃസൃഷ്ടിക്കാനാണ് കോളോസൽ ബയോസയൻസസിന്റെ ശ്രമം. അടുത്ത ദശാബ്ദത്തിന് മുന്നേ ആർട്ടിക്കിലെ ഹിമപ്രദേശത്തേക്ക് വൂളി മാമത്തിന്റെ കുഞ്ഞുങ്ങളെ പുനഃസൃഷ്ടിക്കാനാണ് പദ്ധതി.

അതേ സമയം, മാമത്തിന്റെ ഡി.എൻ.എ ഉപയോഗിച്ച് ആനയുടെയും മാമത്തിന്റെയും ഒരു ഹൈബ്രിഡ് ഇനത്തെയാണ് ലാബിൽ സൃഷ്ടിക്കുക എന്നാണ് ഗവേഷകർ പറയുന്നത്. ഏഷ്യൻ ആനകളുടെ സ്കിൻ സെല്ലുകളെ മാമത്ത് ഡി.എൻ.എ ഉൾക്കൊള്ളുന്ന മൂലകോശമാക്കി പുനഃസൃഷ്ടിക്കും. ഇതിനെ സൈബീരിയൻ വനാന്തരങ്ങളിൽ നിന്ന് കണ്ടെടുത്ത മാമത്തുകളുടെ ഫോസിലുകളുമായി താരതമ്യം ചെയ്ത് മാമത്തുകളിലെ ഭീമൻ രോമങ്ങൾക്കും ഫാറ്റ് ലെയറുകൾക്കും മറ്റും കാരണക്കാരായ ശരിയായ ജീനുകളെ തിരിച്ചറിയാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.

അതുവഴി സൃഷ്ടിക്കപ്പെടുന്ന എംബ്രിയോകളിലൂടെ മാമത്ത് കുഞ്ഞുങ്ങളെ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തൽ. ഉഷ്ണ കാലാവസ്ഥയിൽ ജീവിക്കുന്ന ഏഷ്യൻ ആനകളിൽ നിന്നാണ് നിർമ്മിക്കുന്നതെങ്കിലും പുനഃസൃഷ്ടിക്കപ്പെടുന്നവയ്ക്ക് ആർട്ടിക്കിലെ ശൈത്യത്തെ അതിജീവിക്കാൻ കഴിയുമത്രെ. ലളിതമായി പറഞ്ഞാൽ ശൈത്യത്തെ അതിജീവിക്കാൻ കഴിയുന്ന ആനകളെയാണ് സൃഷ്ടിക്കുന്നതെങ്കിലും ഇവ കാഴ്ചയിലും സ്വഭാവത്തിലും മാമത്തുകളെ പോലെയായിരിക്കും.

മാമത്തിന് തുല്യമായി - 40 ഡിഗ്രി സെൽഷ്യസ് കാലാവസ്ഥയെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയുമെന്നും കരുതുന്നു. എന്നാൽ ഈ സിദ്ധാന്തങ്ങളെല്ലാം വിജയം കൈവരിക്കുമെന്നതിൽ ഉറപ്പില്ല. നിലവിൽ ഗവേഷണങ്ങൾ പ്രാരംഭഘട്ടത്തിലാണ്. ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പാണ് വൂളി മാമത്തുകൾക്ക് വംശനാശം സംഭവിച്ചത്. 85 വർഷങ്ങൾക്ക് മുമ്പ് ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായ ടാസ്മാനിയൻ ടൈഗറിനെ ( തൈലാസീൻ ) തിരികെ കൊണ്ടുവരാനും സമാനശ്രമങ്ങൾ നടക്കുന്നുണ്ട്.