kodiyeri

കണ്ണൂർ: മുൻ സി പി എം സംസ്ഥാന സെക്രട്ടറിയും പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന് കേരളം ഇന്ന് വിട നൽകും. വൈകിട്ട് മൂന്നിന് പയ്യാമ്പലം കടപ്പുറത്ത് മൃതദേഹം സംസ്‌കരിക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ചടങ്ങിൽ സി പി എം കേന്ദ്ര നേതാക്കളടക്കം പങ്കെടുക്കും.

കോടിയേരിയുടെ മൃതദേഹം ഇപ്പോൾ ഈങ്ങയിൽപ്പീടികയിലെ വീട്ടിലാണ് ഉള്ളത്. രാവിലെ പതിനൊന്ന് മണി വരെ ഇവിടെ ബന്ധുക്കൾക്കും നാട്ടുകാർക്കും അന്ത്യോപചാരം അർപ്പിക്കാൻ ക്രമീകരണം ഒരുക്കിയിട്ടുണ്ട്. ശേഷം വിലാപയാത്രയായി കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. മൂന്ന് മണിവരെ അവിടെ പൊതുദർശനത്തിന് വയ്ക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അർപ്പിക്കാൻ തലശ്ശേരി ടൗൺ ഹാളിലേക്ക് ഒഴുകയെത്തിയത്. ഭൗതിക ദേഹം ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ ഇന്നലെ ഉച്ചയ്‌ക്ക് 12.55നാണ് കണ്ണൂർ വിമാനത്താവളത്തിൽ എത്തിച്ചത്. ഭാര്യ വിനോദിനിയും മകൻ ബിനീഷും മരുമകൾ റിനീറ്റയും ഒപ്പമുണ്ടായിരുന്നു.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, മന്ത്രിമാരായ വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹം വിമാനത്താവളത്തിൽ ഏറ്റുവാങ്ങിയത്.

വിലാപയാത്രയായി നീങ്ങിയ വാഹന വ്യൂഹം രണ്ടു മണിക്കൂറെടുത്താണ് ജന്മനാടായ തലശേരിയിലെ ടൗൺഹാളിൽ എത്തിയത്. മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ അനുഗമിച്ചു. 14 കേന്ദ്രങ്ങളിൽ ജനങ്ങൾക്ക് ആദരം അർപ്പിക്കാൻ നിറുത്തി.

തലശ്ശേരി ടൗൺ ഹാളിൽ അതി വൈകാരിക രംഗങ്ങളാണ് അരങ്ങേറിയത്. സഹോദരനെപ്പോലെ ഒപ്പംനടന്ന പ്രിയ സഖാവിന് മുഖ്യമന്ത്രി പിണറായി വിജയൻ മുഷ്ടി ചുരുട്ടി അഭിവാദ്യം അർപ്പിച്ചപ്പോൾ കോടിയേരിയുടെ ഭാര്യ വിനോദിനി മൃതദേഹം സൂക്ഷിച്ച ഫ്രീസറിന് മുകളിലേക്ക് വിങ്ങിപ്പൊട്ടി വീണു. മുഖ്യമന്ത്രി പിണറായി വിജയനും മുതിർന്ന നേതാക്കളും ചേർന്ന് സ്നേഹ സഖാവിനെ ചെങ്കൊടി പുതപ്പിച്ചു. മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിച്ചു.


നാലിടങ്ങളിൽ ഹർത്താൽ

കോടിയേരിയോടുള്ള ആദരസൂചകമായി കണ്ണൂർ ജില്ലയിലെ നാലിടങ്ങളിൽ ഇന്ന് ഹർത്താലാണ്. കണ്ണൂർ, ധർമടം, തലശ്ശേരി, മാഹി എന്നിവടങ്ങളിലാണ് ഹർത്താൽ. വാഹനങ്ങളെയും ഹോട്ടലുകളെയും ബാധിക്കില്ല.