atlas-ramachandran

ദുബായ്: ഇന്നലെ രാത്രിയാണ് പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്ത്യയിലേക്ക് തിരിച്ചുവരണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് അദ്ദേഹം യാത്രയായത്.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന പരസ്യവാചകമാണ് അറ്റ്‌ലസ് രാമചന്ദ്രൻ എന്ന വ്യവസായിയെ മലയാളികൾക്ക് സുപരിചിതനാക്കിയത്. അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാനായിരുന്ന അദ്ദേഹം വൈശാലി അടക്കമുള്ള നിരവധി സിനിമകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ അറബിക്കഥ, ടു ഹരിഹർ നഗർ തുടങ്ങിയ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളി ഡെയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ കൂടിയായിരുന്നു.

ഇതിനിടയിൽ ബിസിനസിൽ തിരിച്ചടികൾ ഉണ്ടായി. വിവിധ ബാങ്കുകളിൽ നിന്നെടുത്ത 55 കോടിയിലേറെ ദിർഹത്തിന്റെ വായ്‌പ തിരിച്ചടക്കുന്നതിൽ വീഴ്ച സംഭവിച്ചു. ഇതോടെ അറ്റ്‌ലസ് രാമചന്ദ്രൻ ജയിലിലായി. രണ്ടേ മുക്കാൽ വർഷത്തിന് ശേഷമാണ് ജയിൽ മോചിതനായത്. നാട്ടിലേക്ക് മടങ്ങണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും കടബാദ്ധ്യത ഉള്ളതിനാൽ അത് നടന്നില്ല.

പരേതനായ വി. കമലാകരമേനോന്റെയും പരേതയായ രുഗ്മിണിയമ്മയുടെയും മകനായി 1942 ജൂലായ് 31ന് തൃശൂരിലാണ് രാമചന്ദ്രന്റെ ജനനം. തൃശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഒഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണ് കരിയർ ആരംഭിച്ചത്. എഴുപതുകളിലാണ് കുവൈത്തിൽ അറ്റ്‌ലസ് ഗ്രൂപ്പിന്റെ ആദ്യ ജുവലറി തുടങ്ങുന്നത്.