
വർക്കല: വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ വീണ മോതിരം കണ്ടെത്തി ഉടമയെ തിരിച്ച് ഏൽപ്പിച്ച് പൊലീസ് മാതൃകയായി. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പർഫാസ്റ്റിൽ ട്രെയിനിൽ കാട്പാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത നെയ്യാറ്റിൻകര സ്വദേശിയും കാട്പാടി വി.ഐ.ടി എഞ്ചിനീയറിംഗ് കോളേജിലെ പി.എച്ച്.ഡി വിദ്യാർത്ഥിയും നൂറനാട് ശ്രീ ബുദ്ധ എൻജിനീയറിംഗ് കോളേജിലെ മുൻ അസിസ്റ്റന്റ് പ്രൊഫസറുമായ അലക്സ് വർക്കല സ്റ്റേഷനിൽ ട്രെയിൻ നിറുത്തിയ സമയം വാഷ് ബേസിനിൽ കൈ കഴുകുമ്പോൾ കല്യാണ മോതിരം ഊരി വാഷ്‌ബേസിൻ വഴി ട്രാക്കിൽ വീഴുകയായിരുന്നു.

ട്രെയിൻ നീങ്ങി തുടങ്ങിയതിനാൽ ഇറങ്ങി മോതിരം എടുക്കാൻ കഴിഞ്ഞില്ല. തിരുവനന്തപുരത്ത് ഇറങ്ങി റെയിൽവേ പൊലീസിന്റെ സഹായം തേടുകയും വിവരം വർക്കല റെയിൽവെ സ്റ്റേഷനിലെ പൊലീസിനെ അറിയിക്കുകയും ചെയ്തു. തുടർന്ന് സി.പി.ഒ റിജീസും അനിൽകുമാറും കരാർ തൊഴിലാളി നാഗേന്ദ്രനും ട്രാക്കിൽ നടത്തിയ തെരച്ചിലിൽ ചല്ലിയുടെ ഇടയിൽ നിന്നും മോതിരം ലഭിച്ചു. സ്റ്റേഷൻ സൂപ്രണ്ട് ജഗദീഷിന്റെ സാന്നിധ്യത്തിൽ മോതിരം ഉടമയ്ക്ക് തിരിച്ചേൽപ്പിച്ചു.