
അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഗോ പരിപാലനം സംബന്ധിച്ച് വാഗ്ദ്ധാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ പശുവിന്റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാജ്കോട്ടിൽ നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു കെജ്‌രിവാളിന്റെ പ്രഖ്യാപനം. സംസ്ഥാനത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളെയും പാലുൽപാദനം നിർത്തിയ പശുക്കളെയും സംരക്ഷിക്കാൻ ഓരോ ജില്ലയിലും സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യത്തെ പറ്റി പരാമർശിച്ച കെജ്‌രിവാൾ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുകയാണെന്ന് ആരോപിച്ചു. ആം ആദ്മിക്ക് ലഭിക്കുന്ന ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ഉത്തരവാദിത്തം ബിജെപി കോൺഗ്രസിന് നൽകിയിരിക്കുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടന്നാൽ ആം ആദ്മി സർക്കാർ രൂപീകരിക്കുന്നത് കുറച്ച് സീറ്റുകളുടെ വ്യത്യാസത്തിലാകും എന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ ഗുജറാത്തിലെ ജനങ്ങൾ വലിയ ഭൂരിപക്ഷം നൽകുമെന്നാണ് തങ്ങളുടെ വിശ്വാസമെന്ന് കെജ്‌രിവാൾ പറഞ്ഞു. ഈ റിപ്പോർട്ട് വന്നതുമുതൽ ബിജെപി ഭയത്തിലാണ്. ബിജെപി ഭരണത്താൽ ദുരിതം അനുഭവിക്കുന്നവർ ആം ആദ്മിക്ക് വോട്ട് ചെയ്യുക. ഇതിലൂടെ ഗുജറാത്തിൽ മാറ്റം കൊണ്ടുവരാമെന്നും കെജ്‌രിവാൾ പറഞ്ഞു.