'അഭിനേത്രി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അഭിനയം എന്നെ തേടി എത്തിയതാണ്. തികച്ചും യാദൃശ്ചികമായി.' സിനിമ സീരിയൽ താരം കൃഷ്ണയുടെ അഭിനയ അനുഭവങ്ങളിലൂടെ..

ഒരു സുഹൃത്താണ് സിനിമയിലേക്കുള്ള വാതിൽ എന്റെ മുന്നിൽ തുറക്കുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം റിലീസ് ആയില്ല.ആദ്യ ചിത്രം റീലിസ് ചെയ്തില്ല എന്നത് എന്നെ വലിയ രീതിയിൽ ഒന്നും വിഷമിപ്പിച്ചില്ല. കാരണം പ്രതീക്ഷിക്കാതെ എന്നെ തേടി വന്ന അവസരമായിരുന്നു അത്. ആ അദ്ധ്യായം അന്നവിടെ ക്ലോസ് ചെയ്തെങ്കിലും അവസരങ്ങൾ പിന്നെയും എന്നെ തേടി വന്നുകൊണ്ടിരുന്നു.
ഫാമിലി ഫ്രണ്ടായ രാകേഷേട്ടൻ നിർമ്മിച്ച സിനിമയിൽ വീണ്ടും ഒരവസരം കിട്ടിയപ്പോൾ നിരസിക്കാൻ തോന്നിയില്ല. കാരണം, ഒരുപാട് പേർ വന്നു ചേരാൻ ആഗ്രഹിക്കുന്ന മേഖലയാണ് സിനിമ. അവിടെ അവസരങ്ങൾ എന്നെ തേടി വരുന്നത് ഭാഗ്യമായി കരുതി.
അങ്ങനെ 2015ലാണ് 'ന്യൂജൻ ഫീവർ"എന്ന ചിത്രത്തിലൂടെ ആദ്യമായി സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.നടൻ ദേവൻ സാറിന്റെ ഭാര്യ വേഷമാണ് അന്ന് ഞാൻ ചെയ്തത്.
കാമറക്ക് മുന്നിൽ ആദ്യം നിന്നപ്പോൾ ഒട്ടും പേടി തോന്നിയില്ല.കാരണം അന്നെനിക്ക് അഭിനയത്തിന്റെ എ, ബി, സി, ഡി അറിയില്ല എന്നത് തന്നെ. എന്നാൽ ഇപ്പോൾ സാഹചര്യം അങ്ങനെ അല്ല. അതെന്റെ പ്രൊഫഷനായി മാറിക്കഴിഞ്ഞു.
അതുകൊണ്ട് തന്നെ കാമറക്ക് മുന്നിലെത്തുമ്പോൾ ടെൻഷൻ ആണ്. ഓരോ തവണയും കൂടുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്.ഈ കാമറ ഫീവർ ഇല്ലാതായത് കെ.കെ രാജീവ് സാറിനോപ്പം ടി.വി പരമ്പരകൾ ചെയ്യാൻ തുടങ്ങിയതോടെയാണ്.
വ്യത്യസ്ത ചാനലുകളിലായി അയലത്തെ സുന്ദരി, പ്രണയ വർണങ്ങൾ, തോന്ന്യാക്ഷരങ്ങൾ എന്നീ മൂന്ന് പരമ്പരകൾ അദ്ദേഹത്തോടൊപ്പം ചെയ്തു. പൂർണമായും സിനിമ ചിത്രീകരണ രീതിയിലാണ് സാറിന്റെ ഷൂട്ടിംഗ്. അതുകൊണ്ട് തന്നെ സിനിമയിൽ അഭിനയിക്കുമ്പോൾ കെ.കെ രാജീവ് സാറിനോടൊപ്പമുള്ള സീരിയൽ അനുഭവങ്ങൾ വലിയ സഹായമായിരുന്നു.വധു, വിവാഹിത, കറുത്തമുത്ത്,പ്രണയം, സസ്നേഹം, കുടുംബ വിളക്ക് തുടങ്ങി നിരവധി പരമ്പരകളിലെ അഭിനയം സിനിമയിലേക്കുള്ള ചവിട്ടു പടികളായി മാറിയിട്ടുണ്ട്. സിനിമകളെക്കാൾ പ്രേക്ഷകർ എന്നെ സ്വീകരിച്ചത് പരമ്പരകളിലൂടെയാണ്.സീരിയൽ ആസ്വാദകർക്കാണ് എന്നെ കൂടുതൽ പരിചയം. നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യുന്നത് കൊണ്ട് അവർക്കിടയിൽ എനിക്കൊരു വില്ലത്തി പരിവേഷമാണ്.
സ്മാർട്ട് ബോയ്, താങ്ക് യു വെരി മച്ച്,ട്രോജൻ, ഒറ്റക്കോലം, അയാൾ ശശി,മേരാ നാം ഷാജി തുടങ്ങിയ സിനിമകളാണ് ഇതിനോടകം റിലീസ് ആയത്. ദ്രാവിഡ രാജകുമാരൻ, കാക്കിപ്പട,ലൈക്ക തുടങ്ങിയ ചിത്രങ്ങൾ റിലീസിന് ഒരുങ്ങി നിൽക്കുന്നവയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന കൂമൻ ആണ് അവസാനമായി അഭിനയിച്ച ചിത്രം.വിനീത് ശ്രീനിവാസന്റെ 'എൻ സർഗ്ഗ സൗന്ദര്യമേ" എന്ന മ്യൂസിക്കൽ ആൽബം ചെയ്തത് ഒരു വേറിട്ട അനുഭവമായിരുന്നു.
സിനിമയിലും സീരിയലുകളിലും അഭിനയിക്കാൻ തുടങ്ങിയതിനു ശേഷം,പരസ്യങ്ങളിലും അഭിനയിക്കാൻ അവസരം ലഭിച്ചു.
കണ്ണൂരുകാരിയായ ഞാൻ വിവാഹശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. ഒരുപക്ഷേ എന്റെ പ്രൊഫഷൻ എന്നിലേക്ക് എത്തി ചേരാൻ വേണ്ടിയായിരുന്നിരിക്കാം അങ്ങനെ ഒരു പറിച്ചുനടൽ . ഭാവി എന്തെന്ന് പ്രവചിക്കാൻ കഴിയില്ല.നല്ല അവസരങ്ങൾ വന്നാൽ ഇനിയും അഭിനയിക്കും. എന്റെ നിലപാടുകൾക്കും യുക്തിക്കും ചേർന്ന വേഷങ്ങൾ എന്നെ തേടിയെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഫാമിലിയോടാണ് കൂടുതൽ അറ്റാച്ച്മെന്റ് , അതുകൊണ്ട് എന്റെ മക്കളോടൊപ്പം കഴിയുന്നതിനാണ് എപ്പോഴും മുൻഗണന നൽകുന്നത്.