
കൊടുങ്ങല്ലൂർ: വാഹന പരിശോധനയ്ക്കിടയിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. എടവിലങ്ങ് കാര പറാശ്ശേരി രമേഷാണ് (20) കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്‌പെക്ടർ ഇ.ആർ.ബൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. ഹെൽമെറ്റ് വയ്ക്കാതെ ഇരുചക്ര വാഹനം ഓടിച്ച് വന്ന രമേഷിനെ പൊലീസ് തടയുകയായിരുന്നു. വാഹനത്തിന്റെ രേഖകൾ പരിശോധിക്കുന്നതിനിടെ പരിഭ്രാന്തനായി കാണപ്പെട്ടതാണ് സംശയത്തിനിടയാക്കിയത്.
തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചതിൽ ഒരു അറയിൽ നിന്നും ചെറിയ ഒരു കവർ കണ്ടെത്തുകയും അതിൽ അരിമണികൾ കാണുകയും, അരിമണികൾക്കിടയിൽ ചെറിയ പ്ലാസ്റ്റിക് കവറിൽ മയക്ക് മരുന്നും കണ്ടെത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.