kodiyeri

കണ്ണൂർ: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട് വാട്സാപ്പിൽ അധിക്ഷേപകരമായ പോസ്റ്റിട്ട സംഭവത്തിൽ ക്ഷമാപണം നടത്തി സസ്‌പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ. തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ഉറൂബ് ആണ് മാപ്പു പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്.

'മാന്യ ജനങ്ങളേ മാപ്പ്. കോടിയേരി ബാലകൃഷ്ണന്റെ മരണവാർത്ത അറിഞ്ഞപ്പോൾ വാട്സാപ്പ് സ്റ്റാറ്റസിലും ഗ്രൂപ്പുകളിലും ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ പങ്കുവച്ചിരുന്നു. എനിക്ക് വന്ന് ഒരു സന്ദേശം,​ അറിയാതെ സ്‌കൂൾ ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയായിരുന്നു. എന്റെ ഭാഗത്ത് നിന്ന് വീഴ്‌ചയുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. തെറ്റ് മനസിലാക്കിയ ഉടൻ മെസേജ് പിൻവലിച്ചിരുന്നു. അറിയാതെയുണ്ടായ വീഴ്ചയിൽ മാപ്പ് ചോദിക്കുന്നു'- എന്നാണ് വീഡിയോയിൽ പറയുന്നത്.

കോടിയേരി ബാലകൃഷ്ണൻ മരിച്ചെന്ന വാർത്ത വാട്സാപ്പിൽ ഷെയർ ചെയ്തുകൊണ്ടായിരുന്നു ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. തുടർന്ന് സി പി എം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഡി ‌‌ജി പിക്ക് പരാതി നൽകി. പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുൻ ഗൺമാനാണ് ഉറൂബ്.