കഥ

ദുഖ പര്യവസായി ആയ ഒരു നോവലെഴുതാതിരിയ്ക്കുവാൻ മനഃപൂർവ്വം ശ്രമിയ്ക്കാറുള്ള അവളുടെഎഴുത്താണിയിൽനിന്നുംഅതു കുടഞ്ഞിടുമ്പോൾ മനസ്സിൽ വിങ്ങിപ്പൊട്ടലിന്റെ കുമിളകൾ കുമിഞ്ഞു കൂടി. എന്നാണ്ആദ്യമായി ആ മിസ്സ്കാൾ അവളെ തേടി എത്തിയതെന്ന് ഇന്നുംഅവൾക്ക് കൃത്യമായി ഓർമ്മയില്ല. എന്നോ ഒരു ദിവസം മൊബൈൽ മെമ്മറിയിൽ പതിച്ചിടാത്ത ഒരു നമ്പർ മിസ് കാളായി അവളുടെ മൊബൈൽ സ്ക്രീനിൽ ഒരു കടംകഥപോലെ അകപ്പെട്ടു കിടന്നു. ആരാണെന്നറിയുവാനുള്ള ആകാംക്ഷയിൽ തിരിച്ചുവിളിച്ചപ്പോൾ കിട്ടിയ മറുപടി അവളെ നിരാശപ്പെടുത്തി. ‘ നിങ്ങൾ വിളിച്ച നമ്പർ പരിധിക്കു പുറത്താണ്.’ പിറ്റെന്നും അതേ നംമ്പർ മിസ് കോളായി എപ്പോഴോ മൊബൈലിൽ സ്ഥാനം പിടിച്ചു കിടക്കുന്നതു കണ്ടു.വീണ്ടും തിരിച്ചു വിളിച്ചു.അതേ മറുപടി തന്നെ ലഭിച്ചു.‘ നിങ്ങൾ വിളിച്ച നംമ്പർ പരിധിക്കു പുറത്താണ്.’ മൂന്നു ദിവസം അടുപ്പിച്ചു മിസ്കാൾ വന്നു. മൂന്നാമത്തെദിവസമാണ് തികച്ചും അപ്രതീക്ഷിതമായി ശബ്ദം കേട്ടത്. നിനക്കായിമാത്രം..... ഒറ്റ ഒരു റിംഗ് ടോൺ അടിച്ച് കൃത്യമായും ഒരു മിസ്കാൾ ആക്കാൻ കണക്കു കൂട്ടി പണിപ്പെടുവാൻ അങ്ങേ തലയ്ക്കൽ ശ്രമിയ്ക്കുന്ന ആ അനോണിമസ്സിനെ കണ്ടു പിടിയ്ക്കുവാൻ അന്നു മുതൽമനസ് വെമ്പി.പിന്നീട് അവളെ കബളിപ്പിക്കുവാനെന്നവണ്ണം എല്ലാദിവസവും കൃത്യസമയത്ത് ആ മിസ്കാൾ ഒറ്റ റിംഗ് ടോണിൽ അവളുടെ സ്വസ്ഥത കെടുത്തി ജൈത്രയാത്ര തുടർന്നു കൊണ്ടേയിരുന്നു.
എന്നെങ്കിലും ഒരിയ്ക്കൽഅവളുടെ സ്വീകരണ ബട്ടണിൽ അതിന്റെ ഉടമസ്ഥനെ തിരിച്ചറിയും എന്നുള്ള പ്രതീക്ഷയിൽഅവളാ നമ്പർ മനസ്സിലെ കൂടാരത്തിനുള്ളിൽ ചങ്ങലയ്ക്കിട്ടു നിർത്തി. കുടുംബ സുഹൃത്തായ റിജോയും ഫാമിലിയും വല്ലപ്പോഴും വന്നാൽ വീട്ടിൽ ഉത്സവമാണ്. അവന്റെ കുട്ടികളേക്കാൾ ഒരുപാടു വയസ്സിനു പ്രായമുള്ള അവളുടെ കുട്ടികൾ അവൻ വരുമ്പോൾ അവരുടെ കൂടെ കുട്ടിക്കളി കളിക്കുകയും ചേച്ചി എന്നു വിളിച്ചുകൊണ്ട് അവളുടെ കൂടെ അടുക്കളയിലെ കറിയുടെ സ്വാദു നോക്കിയും മറ്റും റിജോ കൂടെ നടക്കുമ്പോൾ കഴിഞ്ഞ ജന്മത്തിൽ വിത്തിട്ടു കിളിയ്ക്കാതെ പോയ ഒരനിയന്റെ സ്നേഹം വിതയ്ക്കുവാൻ ഈ ജന്മത്തിൽ വീണ്ടും ജന്മമെടുത്തതുപോലെയാണ് അവൾക്ക് അനുഭവപ്പെട്ടത്.സൈബർ സെല്ലിലെ ഉദ്യോഗസ്ഥനായ അവനോട് മിസ്സ്കാളിന്റെ കാര്യംപറഞ്ഞാലോ എന്ന് പലപ്പോഴും തോന്നി.പിന്നെ ആലോചിച്ചു.നിരുപദ്രവകാരിയായ ആ നംമ്പറിൽ നിന്നുള്ള ഒരു മിസ്സ്കാൾ വന്ന് തന്റെ മൊബൈലിൽ തുളഞ്ഞു കയറി അനാഥപ്രേതം പോലെ കിടക്കട്ടെ.
അതു കൊണ്ട് വലിയ ശല്യവുമില്ല.എടുക്കുന്നിടം വരെ അടിച്ചുകൊണ്ടിരിക്കുന്ന മറ്റുള്ള വിളിക്കാരെപ്പോലെ...എടുത്തു കഴിഞ്ഞാൽ വീട്ടു വിശേഷവും പൊങ്ങച്ച കെട്ടും അഴിച്ച് പറത്തി മനസ്സിനെ മലീമസമാക്കുന്ന മറ്റുള്ള വിളികളെപോലെയല്ലാതെ അറിയപ്പെടാത്ത ആ ഫോൺ വിളിക്കാരൻ വിളിച്ച് സായൂജ്യമടയട്ടെ എന്ന്. അടുപ്പിച്ചു വന്ന ആ മിസ്സ്കാളിന്റെ പത്തു ഡിജിറ്റു നമ്പർ അവൾക്ക് ഹൃദിസ്ഥമായി. പിന്നീട് എപ്പോഴേലും ഒരു ദിവസം അതു വന്നില്ലെങ്കിൽ എന്തോ ഒരു അസ്വസ്ഥത അവളറിയാതെ തന്നെ അവളെ കീഴടക്കി. അങ്ങനെ ഇരുന്നപ്പോളാണ് കുറെ ദിവസത്തേയ്ക്ക് ആ മിസ്സ്കാൾ അവളെ തേടിവരാതിരുന്നത്. എന്നും കാണുന്ന ഒരാളെ കാണാതിരുന്നാലുള്ള മനോവിഷമം പോലെ ആ ദിവസങ്ങളിൽ അവളുടെ മനസ്സിനെ ഏറെ വിഷമിപ്പിച്ചു.ജോലി ചെയ്യുവാനുള്ള ഉത്സാഹം പോലും കെടുത്തിക്കളഞ്ഞ ...അറിയപ്പെടാത്ത അതിന്റെ ഉടമസ്ഥന് എന്തു പറ്റി എന്നറിയുവാനുള്ള മനോവ്യഥയിലിരുന്നപ്പോൾപിറ്റെന്ന് അപ്രതീക്ഷിതമായി വീണ്ടും മൊബൈലിൽ ആ കാൾ വന്നു. എടുത്തു.നിനക്കായിമാത്രം..... കാൾ കട്ടായി. അന്നവൾക്ക് പഴയഉത്സാഹം വീണ്ടു കിട്ടി.
ആളറിയാത്ത ലിംഗം അറിയാത്ത ശബ്ദമറിയാത്ത അപരിചിത സ്ഥലത്തുനിന്ന് അവളെ തേടി വന്നു കൊണ്ടിരിക്കുന്ന ഒരു മിസ്സ് കാളിനോട് അവൾക്കുണ്ടായിരിക്കുന്ന ആ പ്രണയം അവൾ പോലും അത്ഭുതപ്പെട്ടു.റിജോയും കുടുംബവും വല്ലപ്പോഴും വന്നുംപോയും മനസ്സിന്റെ പിരിമുറുക്കം കുറച്ചു കൊണ്ടിരുന്നു. അനവസരത്തിൽ പറയാതെ കേറി വന്ന ഒരു കോമാളിയെപ്പോലെയാണ് തൊട്ടു പുറകെ ആ വാർത്ത വന്നത്.റിജോ ആക്സിഡന്റായി ആശുപത്രിയിലായെന്ന്.അവൾ ചെല്ലുമ്പോൾ അവന്റെ ഭാര്യലിസ്സിയും ബന്ധുക്കളും ഐ.സി.യുവിന്റെ മുമ്പിൽ അടഞ്ഞ വാതിലിനെ നോക്കി നെടുവീർപ്പിട്ടു നില്ക്കുന്ന കാഴ്ചയാണ് കണ്ടത്.അവളെക്കണ്ടതും ലിസ്സി തടയിണപൊട്ടിയ വെള്ളക്കെട്ടുപോലെ വിങ്ങിപ്പൊട്ടി .ലിസ്സിയെ എങ്ങനെ സമാധാനിപ്പിക്കും. തന്നെ സമാധാപ്പിക്കുവാനാര് എന്നറിയാതെ ബുദ്ധിവികാസം പ്രാപിക്കാത്ത ഒരു കുട്ടിയെപ്പോലെയാണ് അവളുടെ കൈ പിടിച്ച് അടഞ്ഞ വാതിലിലെ ചുമന്ന അക്ഷരങ്ങളെ ഭയപ്പാടോടെ അവൾ നോക്കി നിന്നത്. അല്പ്പം കഴിഞ്ഞ് വാതില് തുറന്ന നഴ്സ് പോക്കറ്റിലുണ്ടായിരുന്ന സെൽഫോൺ പുറത്തേക്കു തന്നു.റിജോയുടെ മൊബൈൽ നേരത്തെ തന്നെ ആരോ ആക്സിഡന്റ് സ്പോട്ടിൽ വച്ച് ലിസ്സിയുടെ കൈയ്യിലെത്തിച്ചത് ലിസ്സി അവളെക്കാണിച്ചു.
ആളുതെറ്റിതന്ന മൊബൈൽ അടഞ്ഞ വാതിലിനുള്ളിൽനിന്നും ആരെങ്കിലും വരുമ്പോൾ തിരിച്ചു കൊടുക്കാമെന്നു കരുതി അതു കൈയ്യിൽ വെച്ചു കൊണ്ടിരുന്നപ്പോഴാണ് അറിയാതെ അതിലെ കീപാഡിലെ ആദ്യത്തെ ഡിജിറ്റിൽ വിരലമർന്നത്. ബാഗിൽകിടന്നഅവളുടെ മൊബൈൽ ശബ്ദിച്ചു. കാൾ സ്വീകരിച്ചു ചെവിയോടുചേർത്തു. നിനക്കായിമാത്രം...... ഐ.സി.യുവിന്റെ വാതിൽ തുറന്ന് ഡോക്ടർ റിജോയുടെ ജീവന്റെ തുടിപ്പു പരിധിക്കു വെളിയിലായ വാർത്ത പറയുമ്പോൾ ഒരു കടംകഥപോലെ അവളുടെ കൈയ്യിൽആ സെൽ ഫോൺ.ഇനി ഒരിയ്ക്കലും ലഭിയ്ക്കാത്ത മിസ്സ്കാളിന്റെ ഉടമയുടെ....ഒളിച്ചു കളിയിൽഒരിയ്ക്കലും കണ്ടു പിടിയ്ക്കപ്പെടാതെ പോയ ആ ഉടമയുടെ മനസ്സിനെ തേടി അവൾ അനന്തതയിലോട്ട് മിഴിനട്ടു നിന്നു. ഒരു പ്രഹേളികപോലെ ആ സിനിമാഗാനത്തിന്റെ ബാക്കിഭാഗം കാതിൽമുഴങ്ങി...“നിനക്കായ് മാത്രം തുറക്കാനീവാതിൽ..കിനാവിന്റെ വെമ്പൽമറക്കാനീ കൂട്.പറയാതെല്ലാം അറിയും നെഞ്ച്.....”.