
ഇക്കാലത്ത് ബന്ധങ്ങൾ വളരെ ദുർബലമാണ്. കൊട്ടിഘോഷിച്ച് ആയിരങ്ങളെ സാക്ഷിയാക്കി വിവാഹം നടത്തുന്നവർ പോലും മാസങ്ങൾക്കകം കുടുംബക്കോടതിയുടെ വാരാന്തയിൽ നിൽക്കുന്ന കാഴ്ചകൾ സാധാരണമാണ്. വിവാഹബന്ധങ്ങളിൽ ദൃഢത കൈവരുന്നതിനായി ആരാഗ്യകരമായ ചില ശീലങ്ങൾ രൂപപ്പെടുത്തുന്നത് വളരെ ആവശ്യമാണ്. പങ്കാളിയെ കെയർ ചെയ്യുന്നില്ലെന്ന തോന്നലും, അനാവശ്യ ഈഗോയുമാണ് പല ബന്ധങ്ങളും തകരാനുള്ള കാരണം. എത്ര തിരക്കേറിയ ജീവിതമാണെങ്കിലും ഈ ശീലങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കു, പതിയെ അത് ജീവിതത്തിന്റെ തന്നെ ഭാഗമാക്കൂ. സൈക്കോളജിസ്റ്റും തെറാപ്പിസ്റ്റുകളും നൽകുന്ന ഈ ഉപദേശങ്ങൾ പരീക്ഷിക്കാം
ദിവസം ആരംഭിക്കുന്നത് പങ്കാളിയോടൊപ്പം
എത്ര തിരക്കേറിയ കാര്യങ്ങൾ ചെയ്ത് തീർക്കേണ്ടതുണ്ടെങ്കിലും ഒരു ദിവസം പങ്കാളിയോടൊപ്പം രണ്ട് മിനിട്ട് സംസാരിച്ചു കൊണ്ട് ആരംഭിക്കാം. ഇത് നമ്മുടെ വൈകാരിക അടുപ്പം വളർത്തിയെടുക്കാൻ സഹായിക്കും. ഇതിനൊപ്പം പങ്കാളിയുമായി കൂടുതൽ അർത്ഥവത്തായ ഇടപഴകൽ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഉറങ്ങും മുൻപ് 20 മിനിട്ട്
ദിവസം ആരംഭിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഉറങ്ങും മുൻപുള്ള 20മിനിട്ടും. ഒരു ദിവസം നിങ്ങളുടെ ജീവിതത്തിലെ കാര്യങ്ങൾ, ഓഫീസിലെ വിശേഷങ്ങൾ, തമാശകൾ എല്ലാം പങ്കാളിയുമായി ഷെയർ ചെയ്യു. നിങ്ങളുടെ ദിവസത്തെക്കുറിച്ചും അനുഭവത്തെക്കുറിച്ചും പങ്കിടുന്നത് ബന്ധത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം നിങ്ങൾക്ക് സന്തോഷവും ലഭിക്കും.
സത്യസന്ധത
പങ്കാളിയോട് സത്യസന്ധത പുലർത്തേണ്ടത് വളരെ ആവശ്യമാണ്. ഒരിക്കൽ കളവ് പറയേണ്ടി വന്നാൽ പിന്നീട് അത് തുടരുവാനുള്ള പ്രേരണ നിങ്ങളിലുണ്ടാവും. ഇനിയത് കളവായിരുന്നു എന്ന് എന്നെങ്കിലും പങ്കാളി മനസിലാക്കിയാലും അത് ബന്ധത്തിൽ വിള്ളൽ വീഴ്ത്താം.
സ്പർശനം
ദിവസത്തിൽ കുറഞ്ഞത് അഞ്ച് മിനിട്ടെങ്കിലും സുരക്ഷിതവും സ്‌നേഹപൂർവവുമായ ശാരീരിക സ്പർശനത്തിൽ ഏർപ്പെടുക. അത് ഒരു ചുംബനമോ, ഹഗ്ഗ് ചെയ്യലോ, ഹൈഫൈയോ എന്തായാലും സന്ദർഭത്തിന് അനുസരിച്ച് ചെയ്യാം. ജീവിതമെന്ന കളിയിൽ ടീം വർക്കുണ്ടാകുവാൻ ഇത് സഹായിക്കും. ഒപ്പം നിങ്ങളുടെ സന്തോഷവും, സങ്കടവും ഷെയർ ചെയ്യുന്നു എന്ന തോന്നലും അതുണ്ടാക്കും.
ചെറുയാത്രകൾ
അവധി ദിവസങ്ങളിൽ ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോവുക, പ്രിയപ്പെട്ട കഫേയിലോ പാർക്കിലോ പോകുക, പിണക്കങ്ങളുണ്ടെങ്കിൽ അവിടെ വച്ച് സംസാരിക്കുക തുടങ്ങിയ പ്രവർത്തികൾ ബന്ധം മെച്ചപ്പെടുത്തും. നിങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന പ്രിയപ്പെട്ട കഫേയിലോ പാർക്കിലോ പോകുക, ശാന്തമായി ഇരുന്നു നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുക.
ആശയവിനിമയം
രാവിലെ വീട്ടിൽ നിന്നും ഓഫീസിലേക്ക് പോയാൽ ഇടയ്ക്ക് ഒരു മിനിട്ടെങ്കിലും ഫോണിൽ സംസാരിക്കുകയോ, മെസേജ് അയക്കുകയോ ചെയ്യുക. സന്തുഷ്ടവും ആരോഗ്യകരവുമായ ബന്ധത്തിന്റെ താക്കോലാണ് ആശയവിനിമയം.