
ഇന്നലെയായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ നാലാം ചരമവാർഷികം. പ്രിയ സുഹൃത്തിന്റെ ഓർമകൾ പങ്കുവച്ച് ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബാലഭാസ്‌കറിനൊപ്പം ചെലവഴിച്ച നിമിഷങ്ങൾ കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോയാണ് ഇഷാൻ ദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. 'തിരികെ തിരികെ തിരികെ വരൂ' എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്.
"പൊട്ടിച്ചിരിക്കാൻ പഠിപ്പിച്ച സുഹൃത്ത്. പൊട്ടിക്കരയാൻ പോലും കഴിയാതെ വേദന ഉറഞ്ഞു കട്ട പിടിച്ച നെഞ്ചുമായി നാല് വർഷങ്ങൾ. ശരിക്കും, ഭൂമി ഒരു സ്വർഗമായി മാറുന്നത് പ്രതിബന്ധങ്ങൾ ഇല്ലാണ്ട് ഉറ്റവരോടൊപ്പം ചിരിക്കാൻ കഴിയുമ്പോഴാണ്. ഉറ്റവനായി ജീവിതം വർണ്ണാഭമാക്കിയ സൗഹൃദനാളുകൾ, ഇന്ന് വഴിയിൽ ഒറ്റയായി നടക്കേണ്ടി വരുന്ന ശൂന്യത. കാലമേറെ കടന്നാലും മരണം വരെ നമ്മെ വിട്ട് പോകാതെ ചിലതുണ്ടാകും, ആ ചിലതിൽ ഏറ്റവും മുകളിൽ ആണ് എന്റെ ബാലു അണ്ണൻ😘മിസ് യു അണ്ണാ..." ഇഷാൻ ദേവ് കുറിച്ചു.
2018 സെപ്തംബര്‍ 25ന് പുലർച്ചെ നാലരയോടെയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബാലഭാസ്‌കറിന്റെ മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിന് ബാലഭാസ്‌കറും മരിച്ചു.