
കണ്ണൂർ: സിപിഎമ്മിലെ സൗമ്യ മുഖമായ പ്രിയ നേതാവിന് വിട. പോളിറ്റ്ബ്യൂറോ അംഗവും പാർട്ടി മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ (68) മൃതദേഹം പയ്യാമ്പലം ബീച്ചിന് സമീപം പ്രത്യേകം ഒരുക്കിയ സ്ഥലത്ത് സംസ്‌കരിച്ചു. മക്കളായ ബിനോയ്, ബിനീഷ് എന്നിവർ ചേർന്ന് 3.50ഓടെ ചിതയ്‌ക്ക് തീ കൊളുത്തി.

സിപിഎമ്മിന്റെ അനശ്വര നേതാക്കളായ ഇ.കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്‌മൃതികുടീരത്തിന് ഇടയിലാണ് കോടിയേരിയ്‌ക്കും ചിതയൊരുക്കിയത്. പൂർണ ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാരം നടന്നത്. 'രക്തസാക്ഷികൾ അമരന്മാർ, രക്തസാക്ഷികൾ സിന്ദാബാദ്' എന്നതടക്കം ഉച്ചത്തിലുളള മുദ്രാവാക്യം വിളികളോടെയാണ് പാർട്ടി അണികൾ പ്രിയ നേതാവിനെ യാത്രയാക്കിയത്.

രണ്ടേ കാലോടെ പാർട്ടി ഓഫീസായ കണ്ണൂർ അഴീക്കോടൻ സ്‌മാരക മന്ദിരത്തിൽ നിന്നും പയ്യാമ്പലത്തേക്ക് വിലാപയാത്ര ആരംഭിച്ചു. പ്രിയജനനായകന്റെ അന്ത്യയാത്രയെ അനുഗമിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം പാർട്ടിയിലെ മുതിർന്ന അംഗങ്ങളും ഒപ്പം പതിനായിരക്കണക്കിന് ജനങ്ങളും മൂന്ന് കിലോമീറ്ററോളം ദൂരം നടന്ന് പയ്യാമ്പലത്തെത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, പ്രകാശ് കാരാട്ട്, പിബി അംഗം എം എ ബേബി, എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ എന്നിവർ കോടിയേരിയുടെ ഭൗതികശരീരം പയ്യാമ്പലത്ത് സംസ്‌കാര സ്ഥലത്തേക്ക് ആംബുലൻസിൽ നിന്നും ചുമന്ന് എത്തിച്ചു.