
ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ താജ്മഹലിന്റെ പേരിലും, അതിന് പിന്നിലെ കഥയിലും ലോക ടൂറിസം ഭൂപടത്തിൽ ഇന്ത്യ ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ വിദേശ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കാര്യത്തിൽ താജിനെക്കാളും വലിയ ഒരു അദ്ഭുതം ഇന്ത്യയിലുണ്ട്.
എല്ലാ വർഷവും, ദശലക്ഷക്കണക്കിന് വിദേശ ടൂറിസ്റ്റുകൾ ഇവിടെ എത്തുന്നു. ഭാരതത്തിന്റെ സമ്പന്നമായ പൈതൃകവും ചരിത്രവും സംസ്‌കാരവും പഴയ വാസ്തുവിദ്യയും ഒത്തു ചേർന്ന ആ ഇടം നമ്മുടെ അയൽ സംസ്ഥാനത്തെ മഹാബലിപുരമാണ്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിലാണ് കൗതുകകരമായ ഈ വിവരമുള്ളത്. വിനോദസഞ്ചാരികൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ മികച്ച 10 ചരിത്ര സ്മാരകളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. അവ ഏതെന്ന് പരിശോധിക്കാം
മാമല്ലപുരം
മഹാബലിപുരം എന്നും പേരുള്ള മാമലപുരം അതിപുരാതനമായ പാറകൾ വെട്ടിയൊരുക്കിയ ക്ഷേത്രങ്ങൾ, ഗുഹകൾ, വാസ്തുവിദ്യ എന്നിവയ്ക്ക് പേരുകേട്ടതാണ്.
ഒരു ഭീമാകാരമായ പാറയിൽ കൊത്തിയുണ്ടാക്കിയ ആനയുടെ നിർമ്മിതി, ശിവക്ഷേത്രം എന്നിവയുൾപ്പെടെ വിവിധ ചരിത്ര സ്മാരകങ്ങൾ ഉൾക്കൊള്ളുന്ന ഈ നഗരം പല്ലവ സാമ്രാജ്യത്തിലെ പ്രധാന നഗരങ്ങളിലൊന്നായിരുന്നു.
താജ്മഹൽ
സ്‌നേഹത്തിന്റെ പ്രതീകമായ വെളുത്ത മാർബിൾ സ്മാരകമായ താജ്മഹൽ, വിദേശികൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഇന്ത്യയിലെ രണ്ടാമത്തെ സ്ഥലമാണ്. മുഗൾ ഭരണാധികാരി ഷാജഹാനാണ് തന്റെ ഭാര്യ മുംതാസ് മഹലിന്റെ സ്‌നേഹനിർഭരമായ സ്മരണയ്ക്കായി ഈ വെള്ള സ്മാരകം നിർമ്മിച്ചത്. 1643ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. താജ്മഹൽ സമുച്ചയം മുഴുവൻ നിർമ്മിക്കാൻ 10 വർഷമെടുത്തെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, ഏകദേശം 32 ദശലക്ഷം രൂപയ്ക്കാണ് അക്കാലത്ത് ഈ സ്മാരകം നിർമ്മിച്ചത്.
സാലുവങ്കുപ്പൻ ക്ഷേത്രം
തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന സാലുവങ്കുപ്പൻ മുരുകൻ ക്ഷേത്രം ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന മുരുകൻ ക്ഷേത്രങ്ങളിലൊന്നാണ്. ബിസി മൂന്നാം നൂറ്റാണ്ടിൽ സംഘകാലത്ത് നിർമ്മിച്ച ഒരു ഇഷ്ടിക ക്ഷേത്രവും എഡി എട്ടാം നൂറ്റാണ്ടിൽ പല്ലവ ഭരണകാലത്ത് നിർമ്മിച്ച കരിങ്കൽ ക്ഷേത്രവും അടങ്ങുന്നതാണ് സാലുവങ്കുപ്പൻ മുരുകൻ ക്ഷേത്രം
ആഗ്ര കോട്ട
താജ്മഹലിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ, മുഗൾ ചക്രവർത്തി അക്ബർ നിർമ്മിച്ച ചരിത്രപരമായ ഈ കോട്ട ആഗ്ര നഗരത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. യമുന നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ചെങ്കല്ല് കൊണ്ട് നിർമ്മിച്ച കോട്ട അതിമനോഹരമാണ്.
ഫോർട്ട് മ്യൂസിയം
തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയിലെ തിരുമയം പട്ടണത്തിലാണ് 40 ഏക്കർ വിസ്തൃതിയുള്ള തിരുമയം കോട്ട സ്ഥിതി ചെയ്യുന്നത്. 1687ൽ വിജയ രഘുനാഥ സേതുപതി രാജാവ് പണികഴിപ്പിച്ച കോട്ട, ചരിത്രപരമായ പ്രാധാന്യത്തിനും മഹത്തായ വാസ്തുവിദ്യയ്ക്കും ലോകമെമ്പാടും അറിയപ്പെടുന്നു.
ജിംഗി ഫോർട്ട്
തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ ജിംഗി ഫോർട്ട് അഥവാ സെൻജി ഫോർട്ട്, ട്രോയ് ഓഫ് ദി ഈസ്റ്റ് എന്ന പേരിലും അറിയപ്പെടുന്നു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ധാരാളം വിനോദസഞ്ചാരികൾ എല്ലാ വർഷവും ഇവിടെ എത്തുന്നുണ്ട്.
കുത്തബ് മിനാർ
ലോക പൈതൃക സ്ഥലമാണ് കുത്തബ് മിനാർ, ഇന്ത്യയുടെ തലസ്ഥാന നഗരമായ ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന 72.5 മീറ്റർ ഉയരമുള്ള മിനാരം വിദേശ സന്ദർശകളുടെ ആകർഷണ കേന്ദ്രമാണ്.
വട്ടക്കോട്ട
തമിഴ്നാട്ടിലെ കന്യാകുമാരിക്കടുത്തുള്ള കടൽത്തീരത്തുള്ള വട്ടക്കോട്ട രാജ്യത്തെ ഏറ്റവും മനോഹരമായ കോട്ടയാണ്. ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ കോട്ട പതിനെട്ടാം നൂറ്റാണ്ടിൽ തിരുവിതാംകൂർ രാജാക്കന്മാരുടെ കാലത്ത് നിർമ്മിച്ചതാണ്.
ചെങ്കോട്ട
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ തയ്യാറാക്കിയ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ് ചെങ്കോട്ട. ഇന്ത്യയുടെ തലസ്ഥാന നഗരമായ ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട മുഗൾ ചക്രവർത്തിമാർ നിർമ്മിച്ചതാണ്.
റോക്ക് കട്ട് ജൈന ക്ഷേത്രം
പല്ലവ രാജാവായ മഹേന്ദ്രവർമയുടെ കാലത്ത് നിർമ്മിച്ച റോക്ക് കട്ട് ജൈന ക്ഷേത്രം പുരാതന ഇന്ത്യയുടെ കലാപരമായ സംസ്‌കാരത്തെ വിവരിക്കുന്നു. ഈ ക്ഷേത്രത്തെ അരിവർകോവിൽ അല്ലെങ്കിൽ അരിവർ ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നു. തീർത്ഥങ്കരൻ ധ്യാനത്തിലിരിക്കുന്നിടമാണ് ഇതെന്നും വിശ്വാസമുണ്ട്.