അഭിമുഖത്തിനിടെ അവതാരകയോട് ചൂടായി നിവിൻ പോളിയും ഗ്രേസ് ആന്റണിയും. തങ്ങളുടെ പുതിയ സിനിമയായ സാറ്റർഡേ നൈറ്റിന്റെ വിശേഷങ്ങൾ കൗമുദി മൂവീസിനോട് പങ്കുവയ്ക്കുകയായിരുന്നു ഗ്രേസ് ആന്റണിയും നിവിൻ പോളിയും അജു വർഗീസും. ഇതിനിടെ അവതാരകയുടെ ചോദ്യം ഇരുവരെയും ചൊടിപ്പിക്കുകയായിരുന്നു.

സാറ്റർഡേ നൈറ്റിൽ എത്തിപ്പെട്ടതെങ്ങനെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഗ്രേസ് ആന്റണി. റോഷൻ ആൻഡ്രൂസിന്റെ പ്രതി പൂവൻ കോഴി എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ടെന്നും സംവിധായകൻ സാറ്റർഡേ നൈറ്റിലെ വേഷത്തിലേക്കായി വിളിച്ചപ്പോൾ സമ്മതിക്കുകയായിരുന്നെന്നും ഗ്രേസ് മറുപടി നൽകി. മാത്രമല്ല സാറ്റർഡേ നൈറ്റിലേത് പോലെ ഒരു വേഷത്തിനായി കാത്തിരിക്കുകയായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ഗ്രേസിന്റെ റോൾ ചെയ്യുന്നതിനായി ഒരു ആർട്ടിസ്റ്റ് വരണമായിരുന്നെന്ന് നിവിനും അഭിപ്രായപ്പെട്ടു. ഇതിനിടെ അവതാരകയും നിവിനും പരസ്പരം ചിരിച്ചു.
എന്നാൽ അവതാരക ഗ്രേസിനെ നോക്കി ചിരിക്കുകയായിരുന്നു എന്നായി നിവിൻ. അങ്ങനെയല്ല വെറുതേ ചിരിക്കുകയായിരുന്നെന്ന് അവതാരക പറഞ്ഞു. അല്ല കളിയാക്കിയത് തന്നെയാണെന്ന് നിവിനും ഗ്രേസും. ഇതൊക്കെ കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു അജു വർഗീസ്. അവതാരകയെ കസേരയിൽ നിന്ന് താഴെ തള്ളിയിട്ടാലോ എന്നായി ഗ്രേസ്. അടുത്ത വൈറൽ കണ്ടന്റ് എന്ന് പറഞ്ഞ് മൂവരും ചിരിക്കുകയും ചെയ്തു. അഭിമുഖത്തിൽ നിന്ന് ഇറങ്ങിപോയാലോ എന്നായിരുന്നു പിന്നാലെ ഗ്രേസും നിവിനും ചോദിച്ചത്. സിനിമാ വിശേഷങ്ങളും തമാശകളും അനുഭവങ്ങളും പൊട്ടിച്ചിരിയും മറ്റുമായി രസകരമായ നിമിഷങ്ങളായിരുന്നു അവതാരകയും താരങ്ങളും പങ്കുവച്ചത്.
റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റഡേ നൈറ്റ് വിത്ത് കിറുക്കനും കൂട്ടുകാരും എന്ന ചിത്രം ഒക്ടോബർ ഏഴിനാണ് തിയേറ്ററുകളിൽ എത്തുന്നത്. നവീൻ ഭാസ്കർ ആണ് സിനിമയുടെ സംവിധായകൻ. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ് സാറ്റഡേ നൈറ്റിന്റെ നിർമാണം. ഛായാഗ്രഹണം അസ്‌ലം കെ പുരയിലും എഡിറ്റിംഗ് ശിവനന്ദീശ്വരനും ആണ് നിർവഹിച്ചത്.