rohit

ഇൻഡോർ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം ഇന്ന് രാത്രി 7 മുതൽ ഇൻഡോറിൽ നടക്കും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര 2-0ത്തിന് സ്വന്തമാക്കിക്കഴിഞ്ഞു. ഇന്നത്തെ മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ് രോഹിത് ശർമ്മയും സംഘവും. മറുവശത്ത് ഒരു മത്സരത്തിലെങ്കിലും ജയിച്ച് ലോകകപ്പിന് മുന്നോടിയായി ആത്‌മവിശ്വാസം വീണ്ടെടുക്കാനാണ് ടെംബ ബൗമയും സംഘവും കളിക്കാനിറങ്ങുന്നത്.

ഒക്ടോബർ 16 മുതൽ ആസ്ട്രേലിയ വേദിയാകുന്ന ട്വന്റി-20 ലോകകപ്പിന് മുമ്പ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിക്കുന്ന അവസാന ഔദ്യോഗിക ട്വന്റി-20 മത്സരമാണിത്. നേരത്തേ തന്നെ പരമ്പര നേടിക്കഴിഞ്ഞതിനാൽ ഇന്ത്യ മുൻ നായകൻ വിരാട് കൊഹ്‌ലിക്കും ഓപ്പണർ‌ കെ.എൽ രാഹുലിനും വിശ്രമം നൽകിയേക്കുമെന്നാണ് വിവരം. ഗോഹട്ടി വേദിയായ രണ്ടാം മത്സരത്തിന് ശേഷം ഇന്ത്യൻ ടീം മുംബയിലേക്കും അവിടുന്ന് ഇൻഡോറിലേക്കും പോയി. എന്നാൽ കൊഹ്‌ലിയും രാഹുലും മുംബയിൽ നിന്ന് ഇൻഡോറിലേക്ക് പോയില്ലെന്നാണ് വിവരം. ട്വന്റി-20 ലോകകപ്പിനുള്ള ഒക്ടോബർ 6ന് മുംബയിൽ നിന്നാണ് യാത്രതിരിക്കുന്നത്. അന്ന് ഇരുവരും വീണ്ടും ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐയിലെ ഒരു ഉന്നതൻ പി.ടി.ഐയോട് വ്യക്തമാക്കി.

കൊഹ്‌‌ലിക്ക് പകരം ലോകകപ്പ് ടീമിലെ റിസർവ് താരമായ ശ്രേയസ് അയ്യർക്ക് ഇന്ന് അവസരം ലഭിച്ചേക്കും. രാഹുലിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവോ റിഷഭ് പന്തോ ആയിരിക്കും രോഹിതിനൊപ്പം ഓപ്പൺ ചെയ്യുക.

ലൈവ്: വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും.