
ന്യൂഡൽഹി: ബി.ജെ.പിയുടെ ഓപ്പറേഷൻ താമരയെ പരാജയപ്പെടുത്തി പഞ്ചാബ് നിയമസഭയിൽ ഭഗവന്ത് മാൻ സർക്കാർ ഇന്നലെ വിശ്വാസ വോട്ട് നേടി. കോൺഗ്രസ് അംഗങ്ങൾ വാക്കൗട്ട് നടത്തി. താൻ അവതരിപ്പിച്ച വിശ്വാസ പ്രമേയം നിയമസഭ ഐകകണ്‌ഠേന പാസാക്കിയെന്ന് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു. ആറ് മാസം മാത്രം പഴക്കമുള്ള സർക്കാരിനെ താഴെയിറക്കാൻ ബി.ജെ.പി തങ്ങളുടെ 10 എം.എൽ.എമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.
ചർച്ചയ്‌ക്ക് ശേഷം സ്‌പീക്കർ കുൽതാർ സിംഗ് സാന്ധവാൻ വിശ്വാസ പ്രമേയം വോട്ടിനിട്ടു. തുടർന്ന് പിന്തുണയ്‌ക്കുന്ന എം.എൽ.എമാരോട് കൈ ഉയർത്താൻ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. 91 എ.എ.പി എം.എൽ.എമാർ പ്രമേയത്തെ പിന്തുണച്ചു. മൂന്ന് എസ്.എ.ഡി എം.എൽ.എമാരിൽ ഒരാളും ബി.എസ്.പി എം.എൽ.എയും പ്രമേയത്തെ എതിർത്തില്ല.
117 അംഗ നിയമസഭയിൽ എ.എ.പിക്ക് 92 സ്പീക്കറുൾപ്പെടെ അംഗങ്ങളുണ്ട്. കോൺഗ്രസിന് -18, എസ്.എ.ഡി-3, ബി.ജെ.പി-2, ബി.എസ്.പി-1, സ്വതന്ത്രൻ - 1 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ കക്ഷിനില. അതേസമയം സീറോ അവറിൽ പ്രശ്‌നങ്ങൾ ഉന്നയിക്കാനും സംസാരിക്കാനും സ്‌പീക്കർ സമയം നൽകുന്നില്ലെന്നാരോപിച്ചാണ് കോൺഗ്രസ് അംഗങ്ങൾ ചർച്ച ആരംഭിച്ചയുടൻ സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.