nobel

സ്റ്റോക്‌ഹോം : ഈ വർഷത്തെ വൈദ്യശാസ്ത്ര നോബൽ സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞനായ സ്വാന്തെ പേബോയ്ക്ക്. സ്​റ്റോക്ക്‌ഹോമിലെ കരോലിൻസ്‌ക ഇൻസ്​റ്റി​റ്റ്യൂട്ടിലെ നോബൽ അസംബ്ലിയിൽ വച്ച് നൊബൽ കമ്മി​റ്റി സെക്രട്ടറി തോമസ് പേൾമാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈ വർഷത്തെ ആദ്യത്തെ നോബൽ സമ്മാന പ്രഖ്യാപനമാണിത്.ഇന്ന് ഫിസിക്സ്, നാളെ കെമിസ്ട്രി വിഭാഗങ്ങളിലെ നോബലുകൾ പ്രഖ്യാപിക്കും.

ആദിമ മനുഷ്യന്റെ പരിണാമ സംബന്ധമായ കണ്ടെത്തലിനാണ് പുരസ്കാരം. നിയാണ്ടർതാൽ മനുഷ്യരുടെ ജനിതക ഘടന ശ്രേണീകരിച്ചതിനും ശാസ്ത്രലോകത്തിന് അജ്ഞാതമായിരുന്ന ഹോമിനിൻ ഡെനിസോവ എന്ന ആദിമ മനുഷ്യ സ്പീഷീസിനെ തിരിച്ചറിഞ്ഞതിനുമാണ് അംഗീകാരം. ഇന്നത്തെ മനുഷ്യരെ ( ഹോമോസാപിയൻസ് ) വംശനാശം സംഭവിച്ച ഹോമിനിനുകളിൽ നിന്ന് വേർതിരിക്കുന്ന ജനിതക വ്യത്യാസങ്ങൾ അദ്ദേഹം കണ്ടെത്തി.ഏകദേശം 70,​000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നുള്ള കുടിയേറ്റത്തിന് പിന്നാലെ ഹോമിനിൻ ഡെനിസോവകളുടെ ജീൻ ഹോമോസാപിയൻസിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടെന്നും അദ്ദേഹം കണ്ടെത്തി. ഇന്നത്തെ മനുഷ്യരിലെ രോഗപ്രതിരോധ സംവിധാനം രോഗങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതുൾപ്പെടെയുള്ള പഠനങ്ങൾക്ക് ഈ കണ്ടെത്തലിന് ഏറെ പ്രസക്തിയുണ്ട്.

ജർമ്മനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എവല്യൂഷനറി ആന്ത്രപോളജിയിലെ ജനറ്റിക്സ് വിഭാഗം ഡയറക്ടർ ആണ് 67കാരനായ പേബൂ. നിയാണ്ടർതാൽ ഡി.എൻ.എയുടെയുമായി സാമ്യമുള്ള ഡി.എൻ.എ വഹിക്കുന്ന മനുഷ്യരിൽ കൊവിഡ് 19 കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാനിടയുണ്ടെന്ന് പേബൂ 2020ൽ കണ്ടെത്തിയിരുന്നു.

10 മില്യൺ സ്വീഡിഷ് ക്രോണ ( ഏകദേശം 7,37,37,800 രൂപ ) ആണ് സമ്മാനം. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്താതിരുന്ന പുരസ്‌കാര വിതരണ ചടങ്ങ് ഇത്തവണ നടക്കും. ഡിസംബർ 10ന് സ്റ്റോക്ഹോം കൺസേർട്ട് ഹാളിൽ വച്ച് സ്വീഡനിലെ കാൾ ഗുസ്തഫ് രാജാവ് പുരസ്‌കാരം സമ്മാനിക്കും. സ്വീഡനിലെ കാൾ ഗുസ്തഫ് രാജാവാണ് പുരസ്കാരം സമ്മാനിക്കുന്നത്. 2020, 2021 വർഷങ്ങളിലെ നോബൽ സമ്മാന ജേതാക്കളും ചടങ്ങുകളിൽ പങ്കെടുക്കും.