
എല്ലാവരുടെയും ജീവിതത്തിലെ വളരെ പ്രധാനമായ ചടങ്ങാണ് വിവാഹം. അത് കൊണ്ട് തന്നെ വിവാഹത്തിലെ ഓരോ നിമിഷവും എന്നും ഓർത്തിരിക്കാവുന്ന രീതിയിൽ തന്നെ മനോഹരമാക്കാനാണ് ഏവരും ശ്രമിക്കുക. വിവാഹവേദിയിൽ നിന്നുള്ല സർപ്രൈസ് ആയിട്ടുള്ള നൃത്ത രംഗങ്ങളും സമ്മാനങ്ങളുമൊക്കെ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ മകൾ ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേയ്ക്ക് കടക്കുന്നതിൽ ആനന്ദാശ്രു പൊഴിക്കുന്നതിന് പകരം വിവാഹദിനത്തിൽ മകൾക്കൊപ്പം ചടുലമായി നൃത്തം ചവിട്ടുന്ന പിതാവിന്റെ വീഡിയോ കണ്ട് അമ്പരന്നിരിക്കുകയാണ് സൈബർ ലോകം.
സാൻഡിയാഗോ സ്വദേശിയായ ബ്രിട്ടാനി റെവല്‍ ആണ് നാലരക്കോടിയിലധികം ആളുകൾ കണ്ട വൈറൽ വീഡിയോയിലെ വധു. എന്നാൽ വീഡിയോയിലെ പ്രധാന ആകർഷണമായ പിതാവ് നൃത്തച്ചുവടുകൾ കൊണ്ട് മാത്രമല്ല എല്ലാവരെയും ഞെട്ടിക്കുന്നത്. യുവാവിന്റെ പ്രസരിപ്പും താളബോധത്തോടെയും നൃത്തം ചെയ്യുന്ന ബ്രിട്ടാനിയുടെ പിതാവിന് 63 വയസ്സുണ്ട് എന്ന് അറിയുമ്പോൾ മൂക്കത്ത് വിരൽ വെച്ച് വീഡിയോ വീണ്ടും വീണ്ടും കാണുകയാണ് പലരും.
യുവാക്കളെ കടത്തിവെട്ടുന്ന തരത്തിൽ ആസ്വദിച്ച് നൃത്തം ചെയ്യുന്ന വധുവിന്റെ പിതാവിന്റെ വീഡിയോ നിരവധി പേർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ഷെയർ ചെയ്ത് കഴിഞ്ഞു. വിവാഹ വേളയിൽ വധുവിനെ പിതാവ് അനുഗമിക്കുന്നത് സാധാരണമാണ്. എന്നാൽ ഇത്തരത്തിൽ മനോഹരമായി നൃത്തം വെയ്ക്കുന്നത് കണ്ടിട്ടില്ല എന്നാണ് വീഡിയോ കണ്ട പലരുടെയും അഭിപ്രായം.