kk

മഴക്കാലം പകർച്ച വ്യാധികളുടെയും കാലമാണ്. ഡെങ്കിപ്പനി,​ എലിപ്പനി,​ എച്ച് വൺ എൻ വൺ,​ ചെള്ളുപനി തുടങ്ങിയ രോഗങ്ങൾക്കെതിരെ കടുത്ത ജാഗ്രതയാണ് സർക്കാർ തലത്തിൽ സ്വീകരിച്ചു പോരുന്നത്. എന്നാൽ ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ മരണങ്ങളിൽ കൂടുതലും സംഭവിക്കുന്നത് പകർച്ച വ്യാധികളിലൂടെ അല്ല എന്നാണ്. പ്രമേഹം,​ ഉയർന്ന രക്തസമ്മർദ്ദം,​ ഹൃദ്രോഗം,​ അർബുദം തുടങ്ങിയ പകരാത്ത രോഗങ്ങൾ വഴിയാണ് രാജ്യത്തെ മരണങ്ങളിൽ 66 ശതമാനവും സംഭവിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

ലോകത്ത് ഓരോ രണ്ട് സെക്കൻഡിലും 70 ന് താഴെ പ്രായമുള്ള ഒരാൾ പകർച്ച വ്യാധി ഇതരരോഗം ബാധിച്ച് മരിക്കുന്നുണ്ട്,​ ഇന്ത്യ പോലുള്ള കുറഞ്ഞ ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് ജീവിത ശൈലീ രോഗം മൂലമുള്ള 86 ശതമാനം മരണങ്ങളും നടക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങളുമായി ബന്ധപ്പെട്ട ഒരു പോർട്ടലിനും ലോകാരോഗ്യ സംഘടന തുടക്കംകുറിച്ചിട്ടുണ്ട്. ഇതിൽ നൽകിയതനുസരിച്ച് 2019ൽ ഇന്ത്യിയൽ 60.46 ലക്ഷം പേരാണ് പകർച്ചവ്യാധി ഇതര രോഗം ബാധിച്ച് മരിച്ചത്.

2019ൽ ഇന്ത്യയിലുണ്ടായ പകർച്ചവ്യാധി ഇതര മരണങ്ങളിൽ 25.66 ലക്ഷം മരണങ്ങളും ഹൃദ്രോഗം കാരണം സംഭവിച്ചതാണ്. ആഗോളതലത്തിൽ പ്രതിവർഷം മൂന്നിലൊന്ന് മരണങ്ങൾ ഹൃദ്രോഗം മൂലമാണ് സംഭവിക്കുന്നത്. ഇതിൽ 86 ശതമാനവും ശരിയായ ചികിത്സ കൊണ്ട് നിയന്ത്രിക്കാനോ വൈകിപ്പിക്കാനോ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങൾ മൂലം 11.46 ലക്ഷം മരണവും അർബുദം മൂലം 9.20 ലക്ഷം മരണങ്ങളും പ്രമേഹം മൂലവും 3.49 ലക്ഷം മരണവും സംഭവിച്ചു.