himalayan-siva-temple

ഇന്ത്യയിലെ ഭൂപ്രദേശങ്ങളുടെ പല മനോഹരദൃശ്യങ്ങളും വിദേശികളെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ തനിക്ക് അവിശ്വസനീയമായി തോന്നിയ ഒരു വീഡിയോ ദൃശ്യം നോർവീജിയൻ നയതന്ത്രജ്ഞനായ എറിക്ക് സോൾഹെയിം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഷെയർ ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ ചെയ്ത് വീഡിയോ ദൃശ്യം കണ്ട് ഇന്ത്യക്കാർ തന്നെ അക്ഷരാർത്ഥത്തിൽ അതിശയിച്ച് പോയിരിക്കുകയാണ്. അത്തരത്തിൽ അസാധാരണമായ ഹിമാലയ സാനുക്കളിൽ നിന്നുള്ള അതിമനോഹരമായ വീഡിയോ ആയിരുന്നു എരിക്ക് പങ്കുവെച്ചത്.

ഉത്തരാഖണ്ഡിലെ തുംഗനാഥ് ക്ഷേത്രത്തിന്റെ വീഡിയോ ആയിരുന്നു എറിക്ക് പോസ്റ്റ് ചെയ്ത് വീഡിയോയിൽ ഉണ്ടായിരുന്നത്. 5,000 വർഷം പഴക്കമുള്ള ചുറ്റും മഞ്ഞുമൂടിയ പൗരാണികമായ തുംഗനാഥ് ശിവക്ഷേത്രത്തിന്റെ ആകാശദൃശ്യം "ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശിവമന്ദിരം" എന്ന അടിക്കുറിപ്പോടെയാണ് എറിക്ക് പോസ്റ്റ് ചെയ്തത്. കേഥാർനാഥ് എന്ന ബോളിവുഡ് ചിത്രത്തിലെ 'നമോ നമോ' എന്ന ഗാനം പശ്ചാത്തലത്തിൽ മുഴങ്ങിക്കേൾക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഏഴ് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.

ഹിമപാതവും ഭൂമികുലുക്കവുമൊക്കെ കാലങ്ങളായി അതിജീവിച്ച് നിലനിൽക്കുന്ന ശിവക്ഷേത്രത്തിന്റെ രൂപഭംഗി കണ്ട് എറിക്ക് അതിശയിച്ചില്ലെങ്കിൽ മാത്രമേ അത്ഭുതപ്പെടേണ്ടതുള്ളു എന്നതടക്കം പല കമന്റുകളും വീഡിയോ ഷെയർ ചെയ്ത് നിമിഷങ്ങൾക്കകം പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെട്ടു. എട്ടാം നൂറ്റാണ്ടിൽ ആദി ശങ്കരാചാര്യയുടെ കാലഘട്ടത്തിൽ നിർമിച്ച ക്ഷേത്രത്തിന് എന്തായാലും 5,000 വർഷത്തെ പഴക്കമില്ലെന്ന തിരുത്തലുമായും ചിലർ രംഗത്തെത്തി.

Incredible India 🇮🇳!
World's Highest Located Mahadev Mandir.., believed to be 5000 years old !
Uttarakhand

pic.twitter.com/GwWfxoHrra

— Erik Solheim (@ErikSolheim) October 2, 2022

ഔദ്യോഗിക രേഖകൾ പ്രകാരം ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ 3,680 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രത്തിന് 1,000 വർഷത്തോളം പഴക്കമാണുള്ളത്. എന്തായാലും അടിക്കുറിപ്പിലെ ചെറിയ വസ്തുതാ വിരുദ്ധത എറിക്ക് പോസ്റ്റ് ചെയ്ത് തുംഗനാഥ് ക്ഷേത്രത്തിന്റെ വീഡിയോയ്ക്ക് ഒരു ക്ഷീണവും ഏൽപ്പിച്ചിട്ടില്ല എന്ന് തന്നെ പറയാം. അത്രയ്ക്ക് സ്വീകാര്യതയാണ് ഇപ്പോഴും എറിക്കിന്റെ പോസ്റ്റിന് തുടർന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്.