lakshmanan

ചെന്നൈ: തമിഴ്‌നാട്ടിൽ ക‌ർഷകനെ തലയ്ക്കടിച്ച് കൊന്ന് മന്ത്രവാദി പൂജ നടത്തി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ട് കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. നിധി തട്ടിയെടുക്കുന്നതിനായിരുന്നു ക്രൂരകൊലപാതകം. തേങ്കനിക്കോട്ട് കൊളമംഗലത്തിനടുത്ത് ക‌ർഷകനായ ലക്ഷ്‌മണനാണ് കൊല്ലപ്പെട്ടത്. ഇയാളെ സ്വന്തം കൃഷിസ്ഥലത്ത് തലതക‌ർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മന്ത്രവാദം നടന്നതായി സൂചിപ്പിക്കുന്ന നാരങ്ങ,​ സിന്ദൂരം,​ കർപ്പൂരം തുടങ്ങിയവ മൃതദേഹത്തിന് സമീപത്തായി കണ്ടെത്തി.

നരബലി നടന്നതായി സംശയം തോന്നിയ പൊലീസ് ഇത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ധർമപുരി സ്വദേശിയായ മണി എന്നയാളെ കസ്റ്റഡിയിലെടുത്തു. മന്ത്രവാദിയായ ഇയാൾ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ലക്ഷ്മണനോട് അവസാനമായി ഫോണിൽ സംസാരിച്ചത് മണിയായിരുന്നു.

വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്നായിരുന്നു മന്ത്രവാദിയായ മണി വിശ്വസിച്ചിരുന്നത്. ഇക്കാര്യം ലക്ഷ്മണനെയും ഇയാൾ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. നിധി കണ്ടെത്തുന്നതിനായി നരബലി നൽകണം. ഇതിനായി മണിയുടെ അടുത്ത് സ്ഥിരമായി ചികിത്സയ്ക്ക് എത്തുന്ന യുവതിയെ കൊല്ലാനായിരുന്നു ഇരുവരുടെയും പദ്ധതി. തുടർന്ന് ചികിത്സയ്ക്കായി തോട്ടത്തിലേയ്ക്ക് വരണമെന്ന് മണി യുവതിയോട് ആവശ്യപ്പെട്ടു. എന്നാൽ പൂജ തുടങ്ങി ഏറെനേരം കാത്തിരുന്നിട്ടും യുവതി എത്തിയില്ല. ഇതിനെച്ചൊല്ലി ഇരുവരും തർക്കമായി. തുടർന്ന് ലക്ഷ്മണനെ തന്നെ ബലി നൽകാൻ മണി തീരുമാനിക്കുകയായിരുന്നു. ശേഷം ലക്ഷ്മണനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി പൂജ നടത്തി. പിന്നാലെ നിധിക്കായി തോട്ടത്തിലാകെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ വന്നതോടെ മൃതദേഹം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.