
മിക്കയാളുകളും നേരിടുന്ന സൗന്ദര്യ പ്രശ്നമാണ് മുഖക്കുരു. എണ്ണമയമുള്ള ചർമക്കാരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മുഖക്കുരുമൂലം കോൺഫിഡൻസ് നഷ്ടപ്പെടുന്ന നിരവധിയാളുകളുണ്ട്. ഇത് നമ്മളെ വിഷാദ രോഗത്തിലേക്ക് വരെ തള്ളിയിടാൻ സാദ്ധ്യതയുണ്ട്.
ഹോർമോൺ വ്യത്യാസങ്ങളും ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റങ്ങളുമൊക്കെയാണ് മുഖക്കുരുവിന്റെ പ്രധാന കാരണങ്ങൾ. കൂടാതെ ചില സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഉപയോഗവുമൊക്കെ ഈ സൗന്ദര്യ പ്രശ്നത്തിനിടയാക്കുന്നു. മുഖക്കുരുവിനെയും അതിന്റെ പാടുകളെയും അകറ്റാൻ മാർക്കറ്റിൽ കിട്ടുന്ന ക്രീമുകൾ വാരിത്തേക്കുന്ന ഒരുപാട് പേരുണ്ട്. പലപ്പോഴും ആഗ്രഹിച്ച റിസൽട്ട് കിട്ടുകയില്ലെന്ന് മാത്രമല്ല, ഇതുമൂലം പാർശ്വഫലങ്ങൾ ഉണ്ടാകുകയും ചെയ്യും.
മുഖക്കുരുവിനെ അകറ്റാൻ കിടിലൻ ഒരു സാധനം നമ്മുടെയൊക്കെ വീട്ടിൽ തന്നെയുണ്ട്. എന്താണെന്നല്ലേ? ഐസ് ക്യൂബ് ആണ് ആ മാജിക്. മുഖക്കുരു ഉള്ള ഭാഗത്ത് ദിവസവും പത്ത് മിനിട്ടോളം ഐസ് ക്യൂബ് വച്ച് മസാജ് ചെയ്യുക. മുഖക്കുരുവിന്റെ പ്രധാന കാരണമായ അധിക സെബം ഉത്പാദനം കുറയ്ക്കാൻ ഇത് സഹായിക്കും.