കഴിച്ചുമടുത്ത വിഭവങ്ങളിൽ നിന്ന് ഇടയ്ക്കെങ്കിലും ഇടവേളയെടുത്ത് പുതിയവ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവാറും പേരും. സമൂഹമാദ്ധ്യമങ്ങളുടെ സഹായത്തോടെ പുതിയ രുചികൾ തയ്യാറാക്കാൻ നമ്മൾ ശ്രമിക്കാറുമുണ്ട്. കൂടുതൽ പേരും പരീക്ഷണങ്ങൾ നടത്തുന്നത് ചിക്കൻ, മീറ്റ് വിഭവങ്ങളിലായിരിക്കും. പുതിയ രുചികൾ ഇഷ്ടപ്പെടുന്നവർക്കായി ഇത്തവണ ഒരു സ്പെഷ്യൽ വിഭവമാണ് സോൾട്ട് ആന്റ് പെപ്പറിൽ പരിചയപ്പെടുത്തുന്നത്. അധികം മലയാളികൾക്കും പരിചിതമല്ലാത്ത ഒരു വിഭവവുമായി കോമഡി താരം കോട്ടയം സോമരാജാണ് എത്തിയിരിക്കുന്നത്.

വടക്കേ ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിലൊന്നായ രാജ്‌മ ചിക്കനാണ് കോട്ടയം സോമരാജ് തയ്യാറാക്കുന്നത്. രാജ്‌മ, ചിക്കൻ, മഞ്ഞൾപ്പൊടി, വറ്റൽമുളക് പൊടിച്ചത്, ചിക്കൻ മസാല, കസ്‌തൂരി മേത്തി, വെളിച്ചെണ്ണ, മുളക് പൊടി, ഉപ്പ്, മല്ലി, തക്കാളി ചെറുതായി അരിഞ്ഞത്, സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവയാണ് രാജ്‌മ ചിക്കൻ കറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിന് ശേഷം സവാള ഇട്ട് വഴറ്റിയെടുക്കണം. സവാള വഴണ്ട് വരുമ്പോൾ ഇഞ്ചി ചെറുതായി അരിഞ്ഞതും വെളുത്തുള്ളി നാലോ അഞ്ചോ അല്ലിയും ചേർത്ത് നന്നായി വഴറ്റണം. ഇതിലേയ്ക്ക് പച്ചമുളക് ചേർത്ത് വഴറ്റിയെടുക്കാം. ശേഷം ഇതിലേയ്ക്ക് നന്നായി കഴുകി ചെറിയ കഷ്ണങ്ങളാക്കിവച്ചിരിക്കുന്ന ചിക്കൻ ചേർക്കണം. ശേഷം കൂട്ടും ചിക്കനുമായി നന്നായി ഇളക്കിചേർക്കണം.

food

ചിക്കൻ കൂട്ടുമായി യോജിച്ചുകഴിയുമ്പോൾ അര സ്‌പൂൺ മഞ്ഞൾപ്പൊടി, രണ്ട് സ്‌പൂൺ ചിക്കൻ മസാല, ഒന്നര സ്‌പൂൺ മുളക് പൊടി, വറ്റൽ മുളക് ചതച്ചത് രണ്ട് സ്‌പൂൺ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കുറച്ച് നേരം അടച്ചുവച്ച് വേവിക്കണം. ചിക്കൻ നന്നായി വെന്തതിന് ശേഷം വേവിച്ചുവച്ചിരിക്കുന്ന രാജ്‌മ കറിയിലേയ്ക്ക് ചേർത്തുകൊടുക്കാം. അവസാനമായി ഒരു നുള്ള് മല്ലി, ജീരകം, കസ്‌തൂരി മേത്തി എത്തിവ കൂടി ചേർത്ത് നന്നായി ഇളക്കണം. കുറച്ച് മല്ലിയില, കറിവേപ്പില കൂടി ചേർത്ത് കഴിഞ്ഞാൽ രാജ്‌മ ചിക്കൻ തയ്യാറായി.