
ഇൻഡോർ: ടി20 ലോകകപ്പിന് മുൻപായുളള അവസാന ടി20 മത്സരത്തിലെങ്കിലും വിജയിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമിച്ച് ദക്ഷിണാഫ്രിക്ക. മൂന്നാം മത്സരവും വിജയിച്ച് കംപ്ലീറ്റ് വൈറ്റ്‌വാഷിന് ശ്രമിച്ച് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്ക-ഇന്ത്യ മൂന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുത്തു.
ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 12 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടപ്പെടുത്തി 125 റൺസ് നേടിയിട്ടുണ്ട്. എട്ട് പന്തിൽ മൂന്ന് റൺസ് മാത്രം നേടിയ നായകൻ തെംബ ബാവുമയുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ആദ്യം നഷ്‌ടമായത്. ഉമേഷ് യാദവിനാണ് ബാവുമയുടെ വിക്കറ്റ്. ഡി കോക്കിനെ ശ്രേയസ് അയ്യർ റണൗട്ട് ആക്കി. മൂന്ന് മത്സര പരമ്പരയിൽ ബാവുമ വളരെ മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. മൂന്ന് റൺസ് മാത്രമാണ് നായകന്റെ സമ്പാദ്യം. ശരാശരി വെറും ഒന്ന്.
അതേസമയം ക്വിന്റൺ ഡി കോക്കും റൂസോയും ഇന്ത്യൻ ബൗളർമാരെ തകർത്തടിച്ച് ദക്ഷിണാഫ്രിക്കയെ ഭേദപ്പെട്ട നിലയിലെത്തിച്ചിട്ടുണ്ട്.43 പന്തിൽ 68 റൺസുമായി ഡികോക്ക് പുറത്തായി. 23 പന്തുകളിൽ 47 റൺസുമായി റൂസോയും ഒരു റണ്ണുമായി സ്‌റ്റബ്‌സും ക്രീസിലുണ്ട്. ഇടംകൈ പേസ് ബൗളർ ആർഷ്ദീപ് സിംഗ് മൂന്നാം ടി20 കളിക്കുന്നില്ല. പരിക്കിനെ തുടർന്നാണിത്. കൊഹ്‌ലിയ്‌ക്കും രാഹുലിനും ഇന്ന് വിശ്രമമനുവദിച്ചിട്ടുണ്ട്. ശ്രേയസ് അയ്യർ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവർ ഇന്ന് ടീമിൽ പകരം ഇടംനേടി.